കുവൈത്ത് : ഒരു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യക്കാർക്കുനേരെ ആക്രമണം. ഇത്തവണ ജലീബിലെ ജഹ്റ ആശുപത്രിയിലെ മലയാളി നഴ്സ് കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് അക്രമികളുടെ കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഗോപിക ആക്രമണത്തിനിരയായത്. വയറിനും കാലിനും മുഖത്തും കുത്തേറ്റ് ഗോപികയെ ഗുരുതരമായ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മോഷണശ്രമമാണെന്നാണ് സംശയിക്കുന്നത്. കുത്തേറ്റിട്ടും അക്രമിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു. സംഭവത്തിൽ കുവൈത്ത് അധികൃതരെ ആശങ്ക അറിയിച്ചതായും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ ഇന്ത്യക്കാർക്കുനേരെ വീണ്ടും ആക്രമണം, മലയാളി നഴ്സിനു ഗുരുതര പരിക്ക്
06:32 PM Feb 22, 2017 | Deepika.com