സൗദിയിലെ മഴക്കെടുതി: നാശനഷ്ടം സംഭവിച്ചവർ 20 ദിവസത്തിനകം വിവരം നൽകണം

03:13 PM Feb 22, 2017 | Deepika.com
ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞാഴ്ചയുണ്ടായ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർ 20 ദിവസത്തിനകം ബന്ധപ്പെട്ട സമിതിയെ സമീപിച്ച് വിവരങ്ങൾ നൽകണമെന്ന് കിഴക്കൻ പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് ബ്രിഗേഡിയർ മൻസൂർ അൽ ദോസരി അറിയിച്ചു.

മഴക്കെടുതിയെ തുടർന്നു വീടുകൾക്കും സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെല്ലാം നാശനഷ്ടം സംഭവിച്ചവരിൽ നിന്നും ഇതിനകം തന്നെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതായി മൻസൂർ അൽ ദോസരി പറഞ്ഞു.

മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് നഷ്ടപരിഹാര തുക ലഭിക്കാൻ ബന്ധപ്പെട്ട സമിതിയെ സമീപിക്കണം.

എന്നാൽ ഇൻഷ്വറൻസ് പരിരക്ഷ ഉള്ള വാഹനങ്ങളുടെ നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കന്പനികളെയാണ് സമീപിക്കേണ്ടത്. വാഹന ഉടമസ്ഥൻ തന്നെ നൽകുന്ന വിവരങ്ങളാണ് കേടുപാടുകൾ സംബന്ധിച്ച് ഇൻഷ്വറൻസ് കന്പനികൾ പരിഗണിക്കുക. ഇത് സ്വീകാര്യമല്ലെങ്കിൽ സിവിൽ ഡിഫൻസിൽ അധികൃതരിൽ നിന്നും നാശനഷ്ടത്തെ സംബന്ധിച്ചു സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

ഇൻഷ്വറൻസ് കന്പനികൾ നഷ്ടപരിഹാരം നൽകുന്നതിനു വിസമ്മതിച്ചാൽ ആ വിവരം ഉടൻതന്നെ ഇടപാടുകാരെ രേഖാമൂലം അറിയിക്കേണ്ടത് ഇൻഷ്വറൻസ് കന്പനികളുടെ ഉത്തരവാദിത്വമാണെന്നും അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം