ജിദ്ദ നവോദയ മെഡിക്കൽ ക്യാന്പ് 24ന്

06:11 PM Feb 21, 2017 | Deepika.com
ജിദ്ദ: ജിദ്ദ നവോദയ ബവാദി ഏരിയ കമ്മിറ്റിയും അൽമാസ് ഐഡിയൽ മെഡിക്കൽ സെന്‍ററിന്‍റെയും സഹകരണത്തോടെ ഏകദിന മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് (വെള്ളി) രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെയാണ് ക്യാന്പ്.

പ്രവാസി ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും ഹൃദയാഘാതം എങ്ങനെ തടയാമെന്നതിനെ കുറിച്ചോ, വൃക്കകൾ എങ്ങനെ സംരക്ഷിക്കാമെന്നതിനെ കുറിച്ചോ വൃക്തമായ ധാരണ ഇല്ലാത്തവരാണ് ഹൃദയാഘാതം മൂലം നിരവധി മലയാളികൾ ഈ അടുത്ത കാലത്തായി ജിദ്ദയിൽ മരണമടഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വൃക്ക സംബന്ധമായ അസുഖങ്ങൾ പലരും മനസിലാക്കുന്നത് ഡയാലിസിസ് ഘട്ടത്തിൽ എത്തുന്പോഴാണ്.

നവോദയ ബവാദി ഏരിയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി മെഡിക്കൽ ക്യാന്പിൽ ഹൃദയ സംബന്ധമായും വൃക്ക സംബന്ധമായുമുള്ള വിശദമായ പരിശോധനയും ബോധവത്കരണ ക്ലാസും നടത്താൻ ഉദ്ദേശിക്കുന്നത്.

മക്രോണ സ്ട്രീറ്റിലെ അൽമാസ് ഐഡിയൽ മെഡിക്കൽ സെന്‍ററിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയിരിക്കും മെഡിക്കൽ പരിശോധനയും ബോധവത്കരണ ക്ലാസും നടക്കുക. നവോദയ മദീന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് രാത്രി ഫുട്ബോൾ മേളയ്ക്കും തുടക്കം കുറിക്കും.

വാർത്താസമ്മേളനത്തിൽ നവോദയ ജനറൽ സെക്രട്ടറി നവാസ് വെന്പായം, അഡ്മിനിസ്ട്രേഷൻ മാനേജർ അയൂബ് മുസ്ലിയാരകത്ത്, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ശ്രീകുമാർ മാവേലിക്കര, ഫിറോസ് മുഴപ്പിലങ്ങാട്, ഉസെയിൻ വല്ലിശേരി, ഏരിയ സെക്രട്ടറി കെ.വി. മൊയ്തീൻ, ഏരിയ പ്രസിഡന്‍റ് റഫീഖ് മന്പാട് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ