ഫോട്ടോഷൂട്ട്: സുരക്ഷാവീഴ്ചകൾ തുറന്നുകാട്ടിയതായി റഷ്യൻ സുന്ദരി

08:55 PM Feb 20, 2017 | Deepika.com
ദുബായ്: ആയിരമടി ഉയരത്തിൽ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ഫോട്ടോ ഷൂട്ട് നടത്തിയ റഷ്യൻ സുന്ദരി വിക്കി ഒഡിനിറ്റ്കോവ എന്ന 23 കാരിക്കെതിരെ ടവറിന്‍റെ ഉടമകളായ കയാൻസ് ഗ്രൂപ്പ് നിയമനടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.

ദുബായ് മറീനയിലെ 73 നില കെട്ടിടത്തിന്‍റെ മുകളിൽ അപകടകരമായവിധത്തിൽ ഫൊട്ടോഷൂട്ട് നടത്തിയ വിക്കിക്കും സുഹൃത്തിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കയാൻ ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ടവറിന്‍റെ സുരക്ഷാവീഴ്ച തുറന്നുകാട്ടിയ തനിക്ക് ഉപഹാരം നൽകുകയാണ് കന്പനി അധികൃതർ ചെയ്യേണ്ടതെന്നാണ് വിക്കിയുടെ വാദം. യാതൊരു ദുരുദ്ദേശ്യവുമില്ലാതെയാണ് ഞങ്ങൾ കെട്ടിടത്തിന്‍റെ റൂഫ് ടോപ്പിലെത്തിയത്. അതേസമയം ആർക്കു വേണമെങ്കിലും ആത്മഹത്യ ചെയ്യാനോ ഭീകരാക്രമണം നടത്താനോ യാതൊരു തടസവും കൂടാതെ അവിടെ എത്താൻ കഴിയുമെന്നും കെട്ടിടത്തിനുള്ളിൽ ആരും തങ്ങളോട് ഒന്നും ചോദിക്കുക പോലും ചെയ്തില്ലെന്നും റൂഫ്ടോപ്പിൽ നാൽപതു മിനിട്ടോളം ചെലവിട്ടുവെന്നും വിക്കി പറഞ്ഞു.

ജീവൻ പണയപ്പെടുത്തിയുള്ള ഫൊട്ടോഷൂട്ടിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ദുബായ് പോലീസ് വിക്കിയെ വിളിച്ചുവരുത്തി മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ മോസ്കോയിലുള്ള വിക്കി താൻ പോലീസുമായി സഹകരിക്കുമെന്നും തന്‍റെ ഇഷ്ടപ്പെട്ട നഗരമാണ് ദുബായ് എന്നും വിക്കി പറഞ്ഞു.