മഴക്കെടുതിയിൽ സൗദിയിൽ രണ്ട് മരണം

05:20 PM Feb 17, 2017 | Deepika.com
ദമാം: സൗദിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ രണ്ടു പേർ മരിച്ചതായും നാലു പേരെ കാണാതായതായും സൗദി സിവിൽ ഡിഫൻസ് കണ്‍ട്രോൾ റൂം സെന്‍റർ അറിയിച്ചു.

മഴക്കെടുതി ഏറ്റവും കൂടതൽ അനുഭവപ്പെട്ട അസീർ മേഘലയിലാണ് ഒരാൾ മരിച്ചത്. മഴവെള്ളപാച്ചിലിൽപ്പെട്ട് കാറിൽ ഉണ്ടായിരുന്ന സ്വദേശി വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം അബഹയിൽ മരിച്ചത്. രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത് റിയാദിലാണ്. അസീറിലും റിയാദിലുമായി രണ്ടു പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

മഴക്കെടുതിയിൽ സഹായം അഭ്യർഥിച്ചു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 1275 ഓളം പേരാണ് സിവിൽ ഡിഫൻസിന്‍റെ കണ്‍ട്രോൾ റൂമുമായി ബന്ധപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ പേർ സഹായം അഭ്യർഥിച്ചത് അസീര് മേഖലയിൽ നിന്നാണ്.

മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മറ്റും കുടുങ്ങിപ്പോയ 562 പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. 44 പേരെ റിയാദിൽനിന്നും 28 പേരെ അസീറിലും കിഴക്കൻ പ്രവിശ്യയിൽനിന്നുമായാണ് രക്ഷപ്പെടുത്തിയത്. ഇവരിലധികവും മഴവെള്ളപാച്ചലിൽ വാഹനങ്ങളിൽ കുടുങ്ങിയവരായിരുന്നു. മഴക്കെടുതിയിൽപ്പെട്ട 79 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ നൽകുന്ന ഘട്ടങ്ങളിൽ ജനങ്ങൾ ആവശ്യമായ മുൻ കരുതൽ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം