ലൈക്കുക്കളുടെ എണ്ണം കുതിച്ചുയരാൻ ജീവൻ പണയം വച്ചും സെൽഫി ചിത്രങ്ങൾ പകർത്തുന്നവർ ഏറെയാണ്. പക്ഷേ ഇതിലൂടെ ജീവിതം ഹോമിക്കപ്പെട്ടവർ ഏറെയാണ്. എന്നിരുന്നാലും ഇതിനു സമാനമായ സംഭവം അരങ്ങേറിയത് ദുബായിലാണ്. തന്റെ ഇൻസ്റ്റഗ്രാം പേജ് അലങ്കരിക്കാനായി മരണത്തെ വെല്ലുവിളിച്ചു ചിത്രങ്ങൾ പകർത്തിയ റഷ്യൻ സുന്ദരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
വിക്കി ഒഡിനിറ്റ്കോവ എന്ന 23 കാരിയാണ് ആയിരമടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ തന്റെ സുഹൃത്തിന്റെ ഒറ്റക്കൈയിൽത്തുങ്ങി ചിത്രങ്ങൾ പകർത്തിയത്. 1,004 അടി ഉയരമുള്ള കയാൻസ് ടവറിന്റെ മുകളിലായിരുന്നു യുവതിയുടെ സാഹസിക ഫോട്ടോ ഷൂട്ട്.
ടവറിന്റെ മുകളിലെത്തിയ വിക്കി ഒരു വലിയ ബീമിൽ നിന്ന ശേഷം സുഹൃത്തിന്റെ കൈയിൽ പിടിച്ചു പിൻവശത്തേക്കു വളഞ്ഞാണ് ആദ്യം ഫോട്ടോയ്ക്കു പോസ് ചെയതത്. എന്നാൽ ഈ ചിത്രങ്ങൾക്കു മികവു പോരെന്നു തോന്നിയതിനാൽ കൂട്ടുകാരന്റെ കൈയിൽപിടിച്ച് ബീമിൽ നിന്നിറങ്ങി തൂങ്ങിക്കിടന്നാണ് രണ്ടാം വട്ടം ചിത്രങ്ങൾക്കു പോസ് ചെയ്തത്. ഈ ചിത്രങ്ങൾ ഇഷ്ടപ്പെട്ടതോടെ വിക്കി സാഹസ ഫോട്ടോഷൂട്ട് അവസാനിപ്പിക്കുകയായിരുന്നു.
പേടിയുണ്ടായിരുന്നെങ്കിലും തന്റെ സുഹൃത്തിന്റെ കരബലത്തിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് സാഹസചിത്രങ്ങൾക്കു തയാറായതെന്നു വിക്കി പറഞ്ഞു. ജീവൻപണയം വച്ചു വിക്കി ചിത്രങ്ങൾ എടുത്തത് എന്തായാലും വെറുതെയായില്ല. ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടക്കുന്ന വിക്കിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ദുബായിൽ റഷ്യൻ സുന്ദരിയുടെ സാഹസിക ഫോട്ടോ ഷൂട്ട്
09:07 PM Feb 16, 2017 | Deepika.com