പാലസ്തീൻ സ്റ്റേറ്റിനെ യുഎസ് അംഗീകരിക്കുന്നില്ല: നിക്കി ഹെയ് ലി

05:02 PM Feb 15, 2017 | Deepika.com
വാഷിംഗ്ടണ്‍: ലിബിയയിൽ യുണൈറ്റഡ് നേഷൻസ് സ്പെഷൽ പ്രതിനിധിയായി പാലസ്തീൻ മുൻ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം തത്കാലം അംഗീകരിക്കുന്നില്ലെന്ന് യുഎസ് പ്രതിനിധി നിക്കി ഹെയ് ലി പറഞ്ഞു.

ഫെബ്രുവരി 10നാണ് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് സെക്യൂരിറ്റി കൗണ്‍സിലിൽ സലാമിന്‍റെ നിയമനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം യുഎസിനെ നിരാശപ്പെടുത്തിയെന്ന് നിക്കി ഹെയ് ലി അഭിപ്രായപ്പെട്ടു. അയഥാർഥ്യമായ രാജ്യത്തിന്‍റെ പ്രതിനിധിയെ അല്ല യഥാർഥ രാജ്യങ്ങളുടെ പ്രതിനിധിയെ ആണ് യുഎൻ പ്രതിനിധിയായി മറ്റു രാജ്യങ്ങളിൽ നിയമിക്കേണ്ടത്. പാലസ്തീൻ അധികാരികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഎൻ, അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായ ഇസ്രായേലിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും നിക്കി ഹെയ് ലി ചൂണ്ടിക്കാട്ടി.

അതേസമയം നിക്കി ഹെയ്ലിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത ഇസ്രായേൽ അംബസഡർ ഡാനി ഡാനൽ, 2011ൽ പിഎൽഒ ഒൗദ്യോഗിക പദവിക്കും മുഹമ്മദ് അബാസിനും എതിരായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സലാം ഫയദ് എന്നും യുഎസിന്‍റെ ശക്തമായ നിലപാട് യുഎന്നിൽ പുതിയൊരു യുഗത്തിന്‍റെ പിറവിയാണ് സൂചിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ