ഫാ. ലാബി ജോർജ് പനക്കാമറ്റം, റോയി എണ്ണച്ചേരിൽ ജോർജ് തുമ്പയിൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ

02:28 PM Feb 15, 2017 | Deepika.com
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്ന് വൈദിക പ്രതിനിധിയായി ഫാ. ലാബി ജോർജ് പനക്കാമറ്റം, അത്മായ പ്രതിനിധികളായി റോയി എണ്ണച്ചേരിൽ, ജോർജ് തുമ്പയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 11–നു സെൻറ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയയിൽ വച്ചു നടന്ന തെരഞ്ഞടുപ്പിലാണു ഇവർ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു വൈദീക സ്‌ഥാനാർത്ഥികളില്ലാത്ത സാഹചര്യത്തിൽ ഫാ. ലാബി ജോർജ് പനക്കാമറ്റം എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കൽപ്പന ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ് വായിച്ചു .തുടർന്നു വരണാധികാരി ജോൺ തോമസിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു പ്രക്രിയ സുഗമവും സുതാര്യവുമായി പൂർത്തിയാക്കുകയും ചെയ്തു.

ഫാ. ലാബി ജോർജ് പനക്കാമറ്റം

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഗ്രേയ്റ്റർ വാഷിംഗ്ടൺ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ലാബി ജോർജ് പനക്കാമറ്റം നിരണം സ്വദേശിയും മാർത്തോമ്മാ ശ്ലീഹായാൽ സ്‌ഥാപിതമായ നിരണം വലിയപള്ളി ഇടവകാംഗവുമാണ്. അനേകം വൈദികരെ സഭയ്ക്കു സമ്മാനിച്ചിട്ടുള്ള പനക്കാമറ്റം കുടുംബാംഗമായ അദ്ദേഹം ഫാ. ജോർജ് പനക്കാമറ്റത്തിെൻറയും ആനി ജോർജ് പനക്കാമറ്റത്തിെൻറയും പുത്രനാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ എംജിഒസിഎസ്എം സെൻട്രൽ കമ്മറ്റിയിൽ സെക്രട്ടറിയായി പ്രവർത്തിച്ചു. വൈദിക സെമിനാരിയിലെ പഠനകാലത്ത് സെമിനാരി മാസികയായ ദീപ്തിയുടെ ചീഫ് എഡിറ്ററായിരുന്നു. 1999–ൽ വൈദിക പട്ടം സ്വീകരിച്ചു. 2001 മുതൽ 2003 വരെ ഗുജറാത്ത് ഭൂകമ്പ ദുരന്തത്തെത്തുടർന്നു ഓർത്തഡോക്സ് സഭ ഏർപ്പെടുത്തിയ ദുരിതാശ്വാസ പ്രവർത്തന സ്‌ഥാപനമായ എൻഎആർഎസ്ഒസി (National Relief Service of Orthodox Church for the Gujrat Earthquake Victims) യുടെ മാനേജരായി സേവനമനുഷ്ഠിച്ചു. നെല്ലിമല സെൻറ് ഗ്രീഗോറിയോസ്, ഗാന്ധിധം സെൻറ് സ്റ്റീഫൻസ്, വാസ്കോഡഗാമ സെൻറ് മേരീസ്, കൊളാബ സെൻറ് പീറ്റേഴ്സ്, കലിന സെൻറ് ബസേലിയോസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ ഏംജിഒസിഎസ്എം വൈസ് പ്രസിഡൻറായും അദ്ദേഹം പ്രവർത്തിച്ചു. ഭാര്യ: മെറിൻ ലാബി, മക്കൾ ലിഡിയ, ജോർജി.

റോയി എണ്ണച്ചേരിൽ

മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി എണ്ണച്ചേരിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ട്രസ്റ്റിയായി 2007 മുതൽ 2012 വരെ പ്രവർത്തിച്ചിട്ടുണ്ട്. ഭദ്രാസനത്തിലെ പല പള്ളികളുടെയും നിർമ്മാണത്തിൽ നിർഇായകമായ പങ്കുവഹിച്ച വ്യക്‌തിയാണ്. ഭദ്രാസനത്തിലെ പ്രഥമ അരമനയുടെ അറ്റകുറ്റപ്പണികൾ സ്വന്തം ചിലവിൽ നിർയഹിച്ചു. മട്ടൺ ടൗണിലുള്ള അരമനയുടെ അറ്റകുറ്റപ്പണികൾ എസ്റ്റിമേറ്റിന്റെ പകുതി തുകയ്ക്ക് പൂർത്തീകരിക്കുവാൻ മുഖ്യ പങ്കുവഹിച്ചു. 2012–ൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിെൻറ ട്രഷററായി സേവനമനുഷ്ഠിച്ചു. പരുമല കാൻസർ സെന്ററിനുവേണ്ടി പണം സമാഹരിക്കുവാൻ സഹായിക്കുകയും സ്വന്തം നിലയിൽ ധനസഹായവും ലോണായും സംഭാവനയായും നൽകുകയും ചെയ്തു. സ്വന്തം ഇടവകയായ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് യോങ്കേഴ്സിലെ ദേവാലയ പുനർനിർമ്മാണത്തിലും നേതൃത്വമെടുക്കുകയും ഏറ്റവും ചുരുങ്ങിയ ചിലവിൽ അതു നടത്തിയെടുക്കുകയും ചെയ്തു. കഴിഞ്ഞ 35 വർഷക്കാലം ന്യൂയോർക്ക് സിറ്റിയിൽ സ്വന്തമായി നിരവധി വ്യവസായ സ്‌ഥാപനങ്ങൾ വിജയകരമായി നടത്തിവന്നിരുന്നു. നിരവധി വൈദികരെ സഭയ്ക്ക് നൽകിയ കോട്ടയം വാകത്താനം എണ്ണച്ചേരിൽ കുടുംബാംഗവും ഫാ. കുറിയാക്കോസ് എണ്ണച്ചേരിലിെൻറ പുത്രനുമാണ് റോയി. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ ലീഡർഷിപ്പ് ട്രെയിനിംഗിെൻറയും ദിവ്യബോധനത്തിെൻറയും കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന മേരി എണ്ണച്ചേരിലാണ് ഭാര്യ.

ജോർജ് തുമ്പയിൽ

അവാർഡ് ജേതാവായ മാധ്യമപ്രവർത്തകനും ജനപ്രിയ എഴുത്തുകാരനുമാണ് മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോർജ് തുമ്പയിൽ. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2004 മുതൽ കോൺഫറൻസ് മീഡിയ കോ ഓർഡിനേറ്ററായിരുന്നു. നിലവിൽ ഭദ്രാസന മീഡിയാ കൺസൾട്ടൻറുകൂടിയായ ഇദ്ദേഹം ഭദ്രാസന അസംബ്ലി ഇലക്ഷൻ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ടേം ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവർ സെൻറ് തോമസ് ഇടവകയിൽ നാലു തവണ സെക്രട്ടറിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ന്യൂവാർക്ക് ബെത്ത് ഇസ്രായേൽ മെഡിക്കൽ സെന്ററിലെ റെസ്പിറ്റോറി ഡിപ്പാർട്ട്മെന്റിൽ ഡയറക്ടറാണ്. ബർഗൻ കമ്മ്യൂണിറ്റി കോളേജിലെ അഡ്ജഗന്റ് ഫാക്കൽറ്റി അംഗവുമാണ്. ഇടവക മുൻ സെക്രട്ടറി കൂടിയായ ഇന്ദിര തുമ്പയിലാണ് ഭാര്യ. മക്കൾ ബ്രയൻ തുമ്പയിൽ, ഡോ. ഷെറിൻ പാണച്ചേരിൽ. മരുമകൻ: ജയ്സൺ പാണച്ചേരിൽ.

വർഗീസ് പ്ലാമൂട്ടിൽ