സഫിയ അജിത്ത് രണ്ടാം ചരമവാർഷികം: നവയുഗം സാംസ്കാരികവേദിയുടെ സൗജന്യമെഡിക്കൽ ക്യാന്പ്

11:03 AM Jan 24, 2017 | Deepika.com
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്‍റും സൗദി അറേബ്യയിലെ കിഴക്കൻപ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്‍റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.

പ്രവാസലോകത്തെ ഏറ്റവും സജീവയായ സാമൂഹിക പ്രവർത്തകയായിരുന്ന സഫിയ അജിത്ത്, നൂറുകണക്കിന് പ്രവാസികളെ നിയമകുരുക്കുകളിലും ദുരിതങ്ങളിലും നിന്നും രക്ഷിച്ചിട്ടുണ്ട്. അർബുദരോഗം ശരീരത്തെ തളർത്തിയപ്പോഴും തളർന്നു പോകാത്ത ഉദാത്തമായ സാമൂഹിക ബോധത്തിന്‍റെയും ഒരു വലിയ ചരിത്രം അവശേഷിപ്പിച്ചിട്ടാണ് അവർ കടന്നു പോയത്.

ജനുവരി 27ന് (വെള്ളി) രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ ദമാം അൽ അബീർ ഹോസ്പിറ്റലിലാണ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നത്. വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ജനറൽ ചെക്കപ്പ്, കണ്‍സൾട്ടിംഗ്, കിഡ്നി രോഗങ്ങൾ, ദന്തരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനകൾ എന്നിവ ഉൾപ്പെടുത്തിയ മെഡിക്കൽ ക്യാന്പിൽ രോഗികളായ പ്രവാസികൾക്ക് സൗജന്യമായി ചികിത്സയും മരുന്നുകളും നൽകും.

വിവിധരോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും സൗജന്യ മെഡിക്കൽ ക്യാന്പിന്‍റെ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് സാജൻ കണിയാപുരവും ആക്ടിംഗ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണനും അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഷാജി മതിലകം 0567103250, ഉണ്ണി പൂച്ചെടിയൽ 0569460643, അരുണ്‍ ചാത്തന്നൂർ 0504983013, ശ്രീകുമാർ വെള്ളല്ലൂർ 0550107731.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം