ജിദ്ദയിൽ ആറ് ബ്രിട്ടീഷ് തീർഥാടകർ മരിച്ചു

08:51 PM Jan 21, 2017 | Deepika.com
ജിദ്ദ: ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപെട്ട് ആറ് ബ്രിട്ടീഷ് തീർഥാടകർ മരിച്ചു. മരിച്ചവരിൽ നാലു പേർ മാഞ്ചസ്റ്റർ സ്വദേശികളും രണ്ടു പേർ ഗ്ലാസ്ഗോ സ്വദേശികളുമാണ്. രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ചവരിൽ സ്കോട്ടിഷ് ദന്പതികളായ മുഹമ്മദ്, തലത്ത് അസ്ലം എന്നിവർ ഉൾപ്പെട്ടതായി ഗ്ലാസ്ഗോ സെൻട്രൽ മസ്ജിദ് സ്ഥിരീകരിച്ചു. ഇവർക്ക് അഞ്ചു മക്കളുണ്ട്.

ബുധനാഴ്ചയാണ് അപകടം. സൗദി ടൂർ കന്പനിയുടെ 14 പേർക്ക് ഇരിക്കാവുന്ന 2016 മോഡൽ ടൊയോട്ട ഹൈയേസാണ് അപകടത്തിൽ പെട്ടത്. ബസിൽ 12 യാത്രക്കാരുണ്ടായിരുന്നതായി ടൂർ ഓപ്പറേറ്റർ ഡയറക്ടർ മുഹമ്മദ് ആരിഫ് പറഞ്ഞു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ബ്രിട്ടീഷ് കോണ്‍സൽ ജനറൽ ബാരി പീച്ച് അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ