വിമാനയാത്രികർക്ക് സഹായിയായി മൊബൈൽ ആപ്പ്

08:49 PM Jan 21, 2017 | Deepika.com
കുവൈത്ത്: ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് ബാഗേജ് നിയമങ്ങൾ മനസിലാക്കുന്നതിനായി സർക്കാർ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്ലിക്കേഷൻ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് രാജ്യത്തെ കസ്റ്റംസ് ബാഗേജ് നിയമങ്ങളെ കുറിച്ച് അടുത്തറിയാൻ സഹായിക്കുന്നതാണ് ഇന്ത്യൻ കസ്റ്റംസ് ഗൈഡ് ടു ട്രാവലേഴ്സ് എന്ന ആപ്ളിക്കേഷൻ. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ആണ് മൊബൈൽ ആപ് തയാറാക്കിയത്. തീർത്തും സൗജന്യമായി ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം. കസ്റ്റംസ് വകുപ്പിന്‍റെ രയലര.ഴീ്.ശി എന്ന വെബ്സൈറ്റിൽ ഡൗണ്‍ലോഡിംഗ് ലിങ്ക് നൽകിയിട്ടുമുണ്ട്. കസ്റ്റംസ് നടപടിക്രമങ്ങളെ വിവരിക്കുന്ന ആപ്ലിക്കേഷനിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രവർത്തിപ്പിക്കാം. വിദേശരാജ്യങ്ങളിൽനിന്ന് വരുന്പോൾ ഇന്ത്യൻ സ്വദേശികൾക്ക് ബാധകമായ നിയമങ്ങൾ, വിദേശികൾക്കുള്ള നിയമങ്ങൾ, നിരോധിത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഈ ആപ്ലിക്കേഷൻ വഴി അറിയാം.

ഭാരത സർക്കാരിന്‍റെ പബ്ലിക് ഗ്രീവൻസ് പോർട്ടലിലേക്കുള്ള ലിങ്കും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഡൗണ്‍ലോഡ് ചെയ്താൽ പിന്നീട് ഓഫ്ലൈനായും പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താൻ ഇന്ത്യയിലേക്കുള്ള മുഴുവൻ യാത്രക്കാരോടും എംബസി അധികൃതർ അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ