റിച്ചാർഡ് വർമ ഇന്ത്യൻ അംബാസഡർ സ്ഥാനം ഒഴിഞ്ഞു

08:47 PM Jan 21, 2017 | Deepika.com
വാഷിംഗ്ടൻ: ഇന്ത്യയിലെ യുഎസ് അംബാസഡർ പദവിയിൽ നിന്നും റിച്ചാർഡ് വർമ വിരമിച്ചു. പുതിയ നിയമനം ആകുന്നതുവരെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ മേരി കാൽ എൽ അംബാസഡറുടെ ചുമതല വഹിക്കും.

2015 ജനുവരിയിലാണ് റിച്ചാർഡ് വർമ ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റത്. യുഎസ് ഇന്ത്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് വിടവാങ്ങൽ സന്ദേശത്തിൽ വർമ പറഞ്ഞു. പ്രസിഡന്‍റ് ഒബാമയും നരേന്ദ്ര മോദിയും ആരോഗ്യകരമായ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നതായും വർമ അഭിപ്രായപ്പെട്ടു. ട്രംപിന്‍റെ ഭരണത്തിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്ന് റിച്ചാർഡ് വർമ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കുട്ടികളുടെ അധ്യയനവർഷം സമാപിക്കുന്നതുവരെ ഇന്ത്യയിൽ കുടുംബസമേതം തങ്ങാനാണു പരിപാടി. രണ്ടു വർഷം തനിക്കു ലഭിച്ച പദവിയിൽ സംതൃപ്തനാണെന്നും വർമ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ