യുഎസ് കോണ്‍ഗ്രസിൽ ഇന്ത്യൻ വംശജർ ഒരു ശതമാനം

03:44 PM Jan 20, 2017 | Deepika.com
വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിൽ ആകെയുള്ള 535 അംഗങ്ങളിൽ വോട്ടു ചെയ്യാൻ അധികാരമുള്ള അംഗങ്ങളിൽ ഇന്ത്യൻ വംശജകരുടെ പ്രാതിനിധ്യം ഒരു ശതമാനം എന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്.

435 ഹൗസ് പ്രതിനിധികളും 100 സെനറ്റർമാരും ഉൾപ്പെടുന്നതാണ് യുഎസ് കോണ്‍ഗ്രസ്. അമേരിക്കൻ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജർ ഉള്ളത്. ഇതിൽ ഒരു ശതമാനം യുഎസ് കോണ്‍ഗ്രസിൽ അംഗമാകുക എന്ന അപൂർവ ബഹുമതി ഇന്ത്യൻ വംശജരെ സംബന്ധിച്ചു അഭിമാനാർഹമാണ്.

നവംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ റോഹിത് ഖന്ന, പ്രമീള ജയ്പാൽ, രാജാ കൃഷ്ണമൂർത്തി, കമല ഹാരിസ് എന്നിവർ പുതുമുഖങ്ങളായി കോണ്‍ഗ്രസിൽ എത്തിയപ്പോൾ തുടർച്ചയായി മൂന്നാം തവണയും വിജയം ആഘോഷിച്ച് അമി ബിറയും കോണ്‍ഗ്രസിലെത്തി.

1956 ൽ ഇന്ത്യൻ വംശജൻ ജഡ്ജ് ദിലീപ് സിംഗാണ് ആദ്യമായി കോണ്‍ഗ്രസിൽ അംഗമായത്. തുടർന്ന് നാലു ദശകങ്ങൾക്കുശേഷം ലൂസിയാനയിൽ നിന്നുള്ള ബോബി ജിൻഡാൾ യുഎസ് ഹൗസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഒബാമ പ്രസിഡന്‍റായ ആദ്യ ടേമിൽ യുഎസ് അംബാസഡറായി ഒരൊറ്റ ഇന്ത്യൻ വംശജനേയും നിയമിച്ചിരുന്നില്ല. എന്നാൽ അധികാരം വിട്ടൊഴിയുന്നതിനു മുന്പ് അതുൽ കേശപ് (ശ്രീലങ്ക), റിച്ചാർഡ് വർമ (ഇന്ത്യ) എന്നിവരെ സ്ഥാനാപതികളായി നിയമിച്ചത് ഇന്ത്യൻ വംശജർക്ക് നൽകിയ വലിയ അംഗീകാരമായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ