ഇന്ത്യൻ മാധ്യമ രംഗം കോർപറേറ്റുകൾ കൈയടക്കുന്നു: എം.വി. നികേഷ്കുമാർ

08:37 PM Jan 19, 2017 | Deepika.com
റിയാദ്: ഇന്ത്യൻ മാധ്യമ രംഗം കോർപറേറ്റുകൾ കൈയടക്കുകയാണെന്നു റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ എം.വി. നികേഷ് കുമാർ. പ്രാദേശിക ഭാഷാ ചാനലുകൾ പോലും കോർപറേറ്റുകളുടെ ഉടമസ്ഥതയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. റിയാദ് ഇന്ത്യൻ മീഡിയ ഫോറം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ രംഗം കുത്തകവത്ക്കരിക്കുന്നത് ഇന്ത്യയെപോലുളള ജനാധിപത്യരാജ്യം നേരിടുന്ന വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങൾക്കും അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. നരേന്ദ്രമോദിക്കു പറയാനുളള കാര്യങ്ങൾ മാത്രമാണ് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. മറ്റൊരു വീക്ഷണം അവതരിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. പ്രവാസി പത്രപ്രവർത്തകർ മികച്ച സാമൂഹിക സേവനമാണ് ചെയ്യുന്നത്. അത് വിലമതിക്കാനാകാത്തതാണ്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്പോൾ അതത് രാജ്യങ്ങളിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗം ബഷീർ പാങ്ങോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. മീഡിയാ ഫോറം നടത്തുന്ന ജേർണലിസം ട്രെയിനിംഗ് പ്രോഗ്രാമിലെ പഠിതാക്കളുമായി മുഖാമുഖം പരിപാടിയും നടന്നു. നികേഷ് കുമാറിനുളള ഉപഹാരം പ്രസിഡന്‍റ് സമ്മാനിച്ചു. ഉബൈദ് എടവണ്ണ, നജീം കൊച്ചുകലുങ്ക്, സുലൈമാൻ ഉൗരകം, കെ.സി.എം അബ്ദുള്ള, ഗഫൂർ മാവൂർ, ഷാജിലാൽ, ശഫീഖ് കിനാലൂർ, ജലീൽ ആലപ്പുഴ, അക്ബർ വേങ്ങാട്ട്, ഷംനാദ് കരുനാഗപള്ളി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ