ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

03:47 PM Jan 16, 2017 | Deepika.com
റിയാദ്: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നെയ്യാറ്റിങ്കര കൊല്ലംവിളകത്ത്, പെരുംകടവിള റോഡരികത്തുവീട്ടിൽ മരിയനായകം സെലിന്റെ (55) മൃതദേഹമാണ് സാമൂഹ്യപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ നാട്ടിലെത്തിച്ചത്.

കഴിഞ്ഞ 22 വർഷമായി റിയാദിനടുത്തുള്ള ദുർമയിൽ സ്വന്തമായി വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു സെലിൻ. ആമാശയത്തിൽ അൾസർ ബാധയെതുടർന്ന് ചികിത്സയിലിരിക്കവേ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

ഷുമേഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ കിഷോർ–ഇ–നിസാമിന്റെ നേതൃത്വത്തിൽ ഹരിഹരൻ, നസറുദ്ദീൻ എന്നിവരുടെയും വർക്ഷോപ്പിൽ സെലിന്റെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തുക്കളുടെയും സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു.

ഭാര്യ നിർമല, മക്കൾ: ശാലിനി, സന്തോഷ്്. പിതാവ്: മരിയ നായകം, മാതാവ്: ചെല്ലമ്മ.