പ്രശസ്ത സ്പോർട്സ് ലേഖകൻ ബോബ് ജോൺ അന്തരിച്ചു

07:15 PM Jan 14, 2017 | Deepika.com
ഡാളസ്: ഡാളസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രമായ ഡാളസ് മോണിംഗ് ന്യൂസ് സ്പോർട്സ് ലേഖകനും കോളമിനിസ്റ്റുമായ ബോബ് സെന്റ് ജോൺ (80) ജനുവരി 12ന് അന്തരിച്ചു. ടെക്സസിലെ സ്പോർട്സ് പ്രേമികൾക്ക് സുപരചിതനായ ബോബ് മുപ്പത്തിയേഴ് വർഷമായി മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നത്.

സ്പോർട്സ് വിഷയങ്ങൾ സംബന്ധിച്ച് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങൾ കായിക താരങ്ങൾക്ക് എന്നും പ്രചോദനം നൽകുന്നതായിരുന്നു. യുവ മാധ്യമ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ബോബ് പലരുടേയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതോടൊപ്പം മാതൃകാ പുരുഷനായും സ്‌ഥാനം നേടിയിരുന്നു എന്ന് 1966 മുതൽ ബോബുമായി പ്രവർത്തിക്കുവാൻ അടുത്ത അവസരം ലഭിച്ച റാൻഡി ഗാലോവെ അനുസ്മരിച്ചു.

സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഭാര്യ സാന്ദ്ര സെന്റ് ജോണും അഞ്ച് ആൺമക്കളും അടങ്ങുന്നതാണ് ബോബിന്റെ കുടുംബം.

റിപ്പോർട്ട്: പി.പി. ചെറിയാൻ