പ്രവാസി ഭാരതീയ ദിവസ്: ഗൾഫ് പ്രവാസികളെ അവഗണിച്ചതായി പരാതി

06:03 PM Jan 10, 2017 | Deepika.com
റിയാദ്: സാധാരണക്കാരായ ഗൾഫ് പ്രവാസികളെ*പ്രവാസി ഭാരതീയ ദിവസിൽ കേന്ദ്ര സർക്കാർ വീണ്ടും അവഗണിച്ചതായി കേളി സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മുൻകാലങ്ങളിലെന്നപോലെ ഇത്തവണയും ഗൾഫ് പ്രവാസികളെയും അവരുടെ പ്രശ്നങ്ങളെയും കേന്ദ്ര സർക്കാർ അവഗണിക്കുകയാണുണ്ടായത്. ഗൾഫ് പ്രവാസികൾ ഏറെ ആകാംഷയോടെ പ്രതീക്ഷിച്ചിരുന്ന പ്രവാസി വോട്ടവകാശം, ജോലി നഷ്‌ടപ്പെട്ട് തിരിച്ചുപോകേണ്ടിവരുന്നവർക്ക് സമഗ്രമായ ഒരു പുനരധിവാസ പദ്ധതി, സാധാരണക്കാരായ പ്രവാസികൾക്കായി ക്ഷേമ പെൻഷൻ പദ്ധതി, അടിക്കടി വിമാന യാത്രാനിരക്കിലുണ്ടാകുന്ന വർധനക്കു പരിഹാരം തുടങ്ങി സാധാരണക്കാരായ ഗൾഫ് പ്രവാസികളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നങ്ങളിലും പുതിയതായി യാതൊരു തീരുമാനവും കൈക്കൊള്ളാൻ പ്രവാസി ഭാരതീയ ദിവസിനായില്ല.

ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്ന പ്രത്യേക ഗൾഫ് സെഷൻ പോലും ഒഴിവാക്കി പ്രവാസി ഭാരതീയ ദിവസിനെ കോട്ടും സൂട്ടും അണിഞ്ഞ സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം സ്തുതിപാഠകരുടെ സംഗമമാക്കി ഖജനാവിലെ പണം ധൂർത്തടിക്കുക മാത്രമാണുണ്ടാകുന്നത്. കേരളത്തിലെ നോർക്ക റൂട്ട്സിന്റെ മാതൃക മറ്റു സംസ്‌ഥാനങ്ങളും സ്വീകരിക്കണമെന്ന ഒരു നിർദ്ദേശമല്ലാതെ കേരള സർക്കാർ പ്രവാസി പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന കരുതൽ പോലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ലെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.