വടുവൻചാൽ: താള-മേള-ലയങ്ങൾ വിരഞ്ഞ കൗമാര കലാമേളയിൽ സ്റ്റേജിനങ്ങളിൽ ആദ്യദിനം പൂർത്തിയായപ്പോൾ എച്ച്എസ് വിഭാഗത്തിൽ 46 പോയിന്റ് നേടി കൽപ്പറ്റ എൻഎസ്എസ് മുന്നിൽ. 43 പോയിന്റുമായി മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് തൊട്ടുപിന്നിൽ. 34 പോയിന്റ് നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തും 28 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് നാലാംസ്ഥാനത്തും 25 പോയിന്റ് വീതം നേടി പൂതാടി എസ്എൻഎച്ച്എസ്എസും ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസും അഞ്ചാംസ്ഥാനത്തുമാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 58 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് മുന്നിൽ. 55 പോയിന്റുമായി മീനങ്ങാടി ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. 41 പോയിന്റുമായി പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ നാലാം സ്ഥാനത്തും 38 പോയിന്റുകളുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 92 ഇനങ്ങളിൽ 36 എണ്ണവും ഹയർ സെക്കൻഡറി വിഭാഗത്തിൽ നൂറിൽ 31 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ൽ അഞ്ച് ഇനങ്ങളും സംസ്കൃത കലോത്സവത്തിൽ 18 ഇനങ്ങളിൽ നാലെണ്ണവുമാണ് ഫലം വന്നത്. ബത്തേരി ഉപജില്ല 398 പോയിന്റോടെ ഒന്നാമതും മാനന്തവാടി ഉപജില്ല 384 പോയിനന്റോടെ രണ്ടാം സ്ഥാനത്തും വൈത്തിരി ഉപജില്ല 382 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.
എച്ച്എസ് വിഭാഗം സംസ്കൃതോത്സവത്തിൽ മേപ്പാടി ജിഎച്ച്എസ്എസും പൂതാടി എസ്എൻഎച്ച്എസ്എസും പത്ത് പോയിന്റുകൾ വീതം നേടി ഒന്നാംസ്ഥാനത്താണ്. എച്ച്എസ് അറബിക് കലോത്സവത്തിൽ മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസ് 15 പോയിന്റുമായി ഒന്നാംസ്ഥാനത്തും 10 പോയിന്റുനേടിയ പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമാണ്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രണ്ട് ദിവസമായി കുറച്ച സ്റ്റേജിനമത്സരങ്ങൾ ഇന്ന് അവസാനിക്കും. സമാപനസമ്മേളനം അടക്കമുള്ള പരിപാടികൾ ഇത്തവണയില്ല.
കൽപ്പറ്റ എൻഎസ്എസും പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസും മുന്നിൽ; കൗമാര കലാമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും
12:17 AM Nov 17, 2018 | Deepika.com