പാലക്കാട്: കേരളം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ജൂണിയർ, സീനിയർ വിഭാഗങ്ങളിലെ ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനുള്ള 36 ടീമുകളിൽ നിന്നായി മൂന്നുവീതം ആറു ടീമുകൾ തെരഞ്ഞെടുക്കപ്പെട്ടു.
ജൂണിയർ വിഭാഗത്തിൽ മംഗലം ഗാന്ധി സ്മാരക യുപി സ്കൂളിലെ എസ്.ആര്യ, പി.എം.സൻഫിയ എന്നിവർ തങ്ങളുടെ സ്കൂളിലെ ചിത്രശലഭ വൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണം, കിണാശേരി എഎംഎസ് ബി സ്കൂളിലെ ഡി.അനുശ്രീ, ദിവ്യ ഗോപി എന്നിവർ വിവിധ മണ്ണുകളുടെ താരതമ്യപഠനം, നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്കൂളിലെ കാവ്യ, യു.അനന്യ കൃഷ്ണ എന്നിവർ ആരോഗ്യം, ശുചിത്വം, ശുചീകരണം എന്നിവയിലെ കണ്ടെത്തലുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സീനിയർ വിഭാഗത്തിൽ ആലത്തുർ ഗുരുകുലം ഹൈസ്കൂളിലെ സോഹു ശാന്തി, നിഹാൽ സഫർ എന്നിവർ പരന്പരാഗത കൃഷിയിലെ വളക്കൂറു കൂട്ടുന്ന സസ്യങ്ങളെ കണ്ടെത്തൽ, കാട്ടുകുളം എകഐൻഎംഎംഎഎം.ഹയർ സെക്കൻഡറി സ്കൂളിലെ എ.ശ്രീദേവി, വി.ജി.അപർണ എന്നിവർ ആനപ്പിണ്ടത്തെ ജൈവവളമാക്കാമെന്ന കണ്ടെത്തൽ, പാലക്കാട് കാണിക്കാമാതാ കോണ്‍വൻറ് ഇ.എം.ജി. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.അഷ്ന, എം.ഗോപിക എന്നിവർ വിവിധ മാലിന്യങ്ങളെ എങ്ങിനെ വളമാക്കാമെന്ന കണ്ടെത്തലുകൾക്കും തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യമുള്ള രാജ്യം എന്ന ആശയത്തിലൂന്നിയ കണ്ടെത്തുലുകളാണ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നവംബർ 16, 17 തീയതികളിലായി കോഴിക്കോട് സിഡബ്ല്യുയുആർഡി എമ്മിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഇവർ പങ്കെടുക്കും.
കൗണ്‍സിലിന്റെ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ശ്രീകുമാർ, ഡോ. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് കുട്ടികളുടെ പദ്ധതികൾ വിലയിരുത്തിയത്.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലൂടെ പുത്തൻ കണ്ടെത്തലുകളുമായി ബാലശാസ്ത്രജ്ഞർ
10:59 PM Nov 16, 2018 | Deepika.com