കൊച്ചി: മുപ്പതു വർഷം വീട്ടുജോലിചെയ്ത വയോധികയെ വെറുംകൈയോടെ തിരിച്ചയച്ചെന്ന പരാതിയിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. വയോജന നിയമം അനുസരിച്ച് തുക ആവശ്യപ്പെടാൻ പരാതിക്കാരിക്ക് അവകാശമുണ്ടെന്നും പരാതി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നൽകാനും കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
അങ്കമാലി കിടങ്ങൂർ സ്വദേശിയായ 83 കാരിയാണ് പരാതിയുമായി വനിതാ കമ്മീഷന് മുന്നിലെത്തിയത്. സ്വന്തമായി ബന്ധുക്കളോ വീടോ ഇല്ലാത്ത ഇവരുടെ ഏകവരുമാനം വീട്ടുജോലിയിൽനിന്നു കിട്ടുന്ന തുച്ഛമായ തുകയായിരുന്നു. ഉയർന്ന സാന്പത്തികശേഷിയുള്ള വീട്ടിലായിരുന്നു ജോലി. പ്രായാധിക്യത്താൽ ഇനി വേറെ എവിടെയും ജോലിക്ക് പോകാൻ കഴിയില്ല. നാട്ടുകാരാണ് അവരെ വനിതാകമ്മീഷന്റെ മെഗാ അദാലത്തിലേക്ക് എത്തിച്ചത്. പരാതി കേട്ട കമ്മീഷൻ വീട്ടുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത സിറ്റിംഗിൽ വീട്ടുടമയെ വിളിച്ചുവരുത്തുമെന്നു പറഞ്ഞ് പരാതിക്കാരിയെ മടങ്ങാൻ നിർദേശിച്ചു.
30 വർഷം വീട്ടുജോലിചെയ്ത് വെറുംകൈയോടെ മടക്കം; പരാതിയുമായി വയോധിക
01:49 AM Nov 16, 2018 | Deepika.com