കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകനും വാഗ്മിയും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിനു ഭീഷണിയുള്ളതായി പരാതി. സർവകലാശാല രജിസ്ട്രാറാണ് ഭീഷണിയുള്ളതായി കാണിച്ച് കാലടി പോലീസിനു പരാതി നൽകിയത്. വിവിധ ഹൈന്ദവ സംഘടനകളുടെ ഭീഷണിക്കു പിന്നാലെ സുനിൽ പി.ഇളയിടത്തിന്റെ ഓഫീസിന്റെ വാതിലിൽ മൂന്ന് ക്രോസ് ചിഹ്നങ്ങൾ വരച്ചിട്ടിരിക്കുന്നു. കൂടാതെ നെയിംബോർഡും എടുത്തു മാറ്റിയ നിലയിലാണ്. ഇന്നലെ രാവിലെ 11ന് ഓഫീസിലെത്തിയ സഹഅധ്യാപകരാണ് ആദ്യം കണ്ടത്. ഉടൻ സർവകലാശാല അധികൃതരെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കാലടി സിഐ സജി മാർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരിട്ടോ ഫോണിലൂടെയോ ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സുനിൽ പി.ഇളയിടം പറഞ്ഞതായി കാലടി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കാലടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
സുനിൽ പി. ഇളയിടത്തിനു ഭീഷണിയെന്നു പരാതി
01:45 AM Nov 16, 2018 | Deepika.com