ചങ്ങനാശേരി: ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വിദ്യാഭ്യാസത്തിലൂടെയാണ് കണ്ടെത്തേണ്ടതെന്നും സമൂഹത്തിന്റെ പ്രതീക്ഷകൾ വിദ്യാർഥികളിലൂടെ സഫലമാകണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് ഹയർസെക്കൻഡറി അക്കാഡമിക് കൗണ്‍സിൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടാലന്റ് മീറ്റ് അവാർഡ്ദാന സമ്മേളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
മികച്ച നിലവാരം പുലർത്തുന്ന പ്രതിഭാസന്പന്നരായ വിദ്യാർഥികളെക്കുറിച്ച് സമൂഹത്തിന് ഉന്നതമായ പ്രതീക്ഷകളാണുള്ളതെന്നും അത് സഫലമാക്കാൻ അവർ കഠിനാധ്വാനം ചെയ്യണമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.
അറിവ് കലർപ്പില്ലാതെ നൽകാൻ വിദ്യാഭ്യാസ സന്പ്രദായത്തിന് സാധിക്കേണ്ടിയിരിക്കുന്നു. ആഴമായ അറിവും സ്വഭാവശുദ്ധിയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ആർച്ച്ബിഷപ്പ് അഭിപ്രായപ്പെട്ടു. അതിരൂപതയിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണ്‍ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ സമ്മേളത്തിൽ ആദരിച്ചു.
രാവിലെ നടന്ന സെമിനാർ വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വവികസന കരിയർ ശില്പശാലയ്ക്കും സെമിനാറിനും മാസ്റ്റർ ട്രയിനർ കെ. കൃഷ്ണകുമാർ നേതൃത്വം നൽകി.
കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോർപറേറ്റ് മാനേജർ ഫാ. മാത്യു വാരുവേലിൽ, പ്രിൻസിപ്പൽ സിസ്റ്റർ റ്റീസാ പടിഞ്ഞാറേക്കര, ഡോ. ആന്റണി മാത്യു വട്ടക്കളം, തോമസ് ജെ. മാന്തറ, ഈശോ തോമസ്, ഷാജി സി.എം. ചൂരപ്പുഴ എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ പ്രതീക്ഷകൾ വിദ്യാർഥികൾ സഫലമാക്കണം: മാർ ജോസഫ് പെരുന്തോട്ടം
10:45 PM Nov 15, 2018 | Deepika.com