കൊച്ചി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന് തുടക്കമായി. ബാല്യം ചിരിക്കട്ടെ എന്ന പ്രമേയവുമായി എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണപരിപാടികൾ സംഘടിപ്പിക്കുന്നത്.
കാക്കനാട് നൈപുണ്യ പബ്ലിക് സ്കൂളിൽ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയും മുൻ സബ് ജഡ്ജുമായ എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഗർഭധാരണം മുതൽ 18 വയസുവരെ കുട്ടികൾക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നൽകാൻ സമൂഹം ബാധ്യസ്ഥമാണെന്നും അതിനായി ഇത്തരം പ്രചരണ പരിപാടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ.എ. ഫ്രാൻസീസ്, സ്കൂൾ ഡയറക്ടർ ഫാ. പോൾ മേലേടത്ത്, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സണ് പത്മജാ നായർ, കെ.എം. നിഷാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത പാവ നാടകകൃത്ത് വിനോദ് നരനാടിന്റെ കിറ്റി ഷോയും അരങ്ങേറി.
ബാലാവകാശ വാരാചരണത്തിനു തുടക്കം
01:07 AM Nov 15, 2018 | Deepika.com