കൊച്ചി: റോബോട്ടിക് വിദ്യയുടെ മാസ്മരികത നേരിൽകണ്ടു ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ശിശുദിനം ആഘോഷിച്ചു. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ യുവ റോബോട്ടിക് വിദഗ്ധൻ ഡോ. റോഷി ജോണാണു റോബോട്ടുകളെ ഭിന്നശേഷിവിഭാഗക്കാർക്കായി അവതരിപ്പിച്ചത്. പറക്കും റോബോട്ട്, ആടും റോബോട്ട്, പാടും റോബോട്ട് എന്നിവയ്ക്കൊപ്പം കുട്ടികൾ വേദിയിൽ ആടുകയും പാടുകയും ചെയ്തു.
വൈകല്യങ്ങൾകൊണ്ടു മാറിനിൽക്കേണ്ടവരല്ല ഭിന്നശേഷിവിഭാഗക്കാരെന്നും അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൈപിടിച്ചുയർത്തുന്നതിനു റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്താമെന്നും ഡോ. റോഷി ജോൺ പറഞ്ഞു. ശിശുദിനാചരണം യുണിസെഫ് ദക്ഷിണ മേഖലാ മേധാവി ജോബ് സക്കറിയ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നടൻമാരായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, കെ.വി. തോമസ് എംപി, ക്രൈബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, ലേക് ഷോർ ആശുപത്രി സിഇഒ എസ്.കെ. അബ്ദുള്ള, യൂണിക് ലി ജനറൽ കണ്‍വീനർ ഡോ. മേരി അനിത തുടങ്ങിയവർ പ്രസംഗിച്ചു.
റോബോട്ടുകൾക്കൊപ്പം ആടിയും പാടിയും കുട്ടികൾ
01:05 AM Nov 15, 2018 | Deepika.com