സ്വർണമാല തിരികെ നൽകി പെട്രോൾ പന്പ് ജീവനക്കാരി മാതൃകയായി
11:01 PM Nov 12, 2018 | Deepika.com
കുമരകം: പെട്രോൾ പന്പ് ജീവനക്കാരിയുടെ സത്യസന്ധതയെത്തുടർന്ന് മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ നഷ്ടപ്പെട്ട സ്വർണമാല തിരിച്ചുകിട്ടി. പാറന്പുഴ സ്വദേശി പാഞ്ചേരിപ്പറന്പിൽ രതീഷിന്റെ ഭാര്യ മായയുടെ മലയാണ് തിരികെ ലഭിച്ചത്. ജലപ്രളയത്തിൽ മത്സ്യബന്ധന വലയും ഉപകരണങ്ങളും നഷ്ടപ്പെട്ട കുടുംബം നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ കുമരകം മത്സ്യഭവൻ ഓഫിസിലേക്ക് പോകുന്ന വഴിയിൽവച്ചാണ് മാല നഷ്ടപ്പെട്ടത്. മായയും ഭർത്താവ് രതീഷും മകൾ രമ്യയും സ്കൂട്ടറിൽ സഞ്ചരിക്കവേ ചെങ്ങളം പെട്രോൾ പന്പിൽ വച്ചാണ് മാല നഷ്ടമായത്. തിരികെ പാറന്പുഴയിലെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇവർ മാല തിരക്കി കുമരത്തേക്ക് തിരികെവരുന്ന വഴി പന്പിൽ കയറി സ്വർണം നഷ്ടപ്പെട്ട വിവരം അറിയിച്ചപ്പോഴാണ് പന്പിലെ ജീവനക്കാരി കുമരകം സ്വദേശിനി സോണിയ്ക്ക് മാല ലഭിച്ച വിവരം അറിഞ്ഞത്. കുമരകം പോലീസ് സ്റ്റേഷനിൽ ഏല്പിച്ച മാല ഉച്ചകഴിഞ്ഞ് കുമരകം സ്റ്റേഷനിൽ വച്ച് ഗ്രേഡ് എസ്ഐ ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ എബി, സണ്ണി മോൻ, സുധീഷ് എന്നിവരുടെ സാന്നിധ്യത്തിൽ തിരികെ നൽകി.