ചെങ്ങന്നുർ: മഹാപ്രളയത്തിൻ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചവരെ കണ്ട് നന്ദി പറയാൻ ചെങ്ങന്നൂരിൽ നിന്നും ഒരു സംഘം പൂന്തുറ കടലോര ഗ്രാമത്തിൽ എത്തിയത് പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് അഭിമാന നിമിഷമായി.
ചെങ്ങന്നുർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്നും 45 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം പൂന്തുറ സന്ദർശിച്ചത്. രക്ഷാപ്രവർത്തിനു ശേഷം അപകടത്തിൽ മരിച്ച ജിനീഷിന്റെ ഭവനം സന്ദർശിക്കുകയും പ്രാർഥന നടത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പൂന്തുറ സെന്റ് തോമസ് ഇടവക പാരീഷ് ഹാളിൽ കൂടിയ യോഗത്തിൽ പാണ്ടനാട്, ആറാട്ടുപുഴ എന്നിവടങ്ങളിൽ രക്ഷാപ്രവർത്തകരായ 110 മത്സ്യത്തൊഴിലാളികളെ ആദരിക്കുകയും അവരുടെ ഭവനത്തിന് ആവശ്യമായ അരിയും മറ്റ് സാധനങ്ങളും നൽകുകയും ചെയ്തു. പൂന്തുറ സെന്റ് തോമസ് ഇടവക സഹവികാരി ഫാ. പ്രബിൻ അധ്യക്ഷത വഹിച്ച യോഗം കൗണ്‍സിലർ പീറ്റർ സോളമൻ ഉദ്ഘാടനം ചെയ്തു.ചെങ്ങന്നുർ സെന്റ് തൊമസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ബിന്നി നെടുംപുറത്ത് അനുമോദന സന്ദേശം നൽകി. ഇടവക സെക്രട്ടറി റജി ജോസഫ്, ബിജു, തദേവൂസ്, ഫിറോസ്, ആനി കൊശി തുടങ്ങിയവർ പ്രസംഗിച്ചു.
രക്ഷാപ്രവർത്തകർക്കു നന്ദിയുമായി പൂന്തുറയിൽ
10:20 PM Nov 10, 2018 | Deepika.com