പീരുമേട്: സ്വകാര്യ ബാങ്കിന്റെ എ ടി എമ്മിൽ കവർച്ചാ ശ്രമം. പീരുമേട്ടിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ടൗണിലെ എ ടി എം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 3.45 ഓടെ കവർച്ചാ ശ്രമം നടന്നത്.
മുഖം മൂടിയും ഗ്ലൗസും ധരിച്ചെത്തിയവർ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ എ ടി എം കൗണ്ടറിലെ അലാറം ശബ്ദിച്ചു. ഇതോടെ ശ്രമം ഉപേക്ഷിച്ച് സംഘം രക്ഷപെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവത്തിൽ ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എ ടി എം കൗണ്ടറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി വിയിൽ മൂന്നുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മൂടി ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
എടിഎമ്മിൽ കവർച്ചാ ശ്രമം
10:10 PM Nov 10, 2018 | Deepika.com