തൊടുപുഴ: ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പും, ആരോഗ്യവകുപ്പും സംയുക്തമായി എല്ലാ ജില്ലകളിലും ലഹരി വിമോചന ചികിൽസാ കേന്ദ്രം ആരംഭിക്കുന്നതോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിലും ലഹരി വിമോചന കേന്ദ്രം ആരംഭിക്കുന്നു.
കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ 10.30നു ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളിൽ മന്ത്രി എം.എം.മണി നിർവഹിക്കും. റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ജോയ്സ് ജോർജ് എംപി , എക്സൈസ് കമ്മീഷണർ ഋഷി രാജ് സിംഗ് , ജില്ലാ കളക്ടർ കെ.ജീവൻ ബാബു എന്നിവർ പങ്കെടുക്കും.
കേരള സർക്കാരിന്റെ വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലേയും തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലുമായി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് കാര്യക്ഷമമായ കൗണ്‍സലിംഗും തുടർ ചികിത്സയുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഡീ അഡിക്ഷൻ കേന്ദ്രങ്ങൾക്കു പുറമെ മൂന്ന് സോണൽ കൗണ്‍സലിംഗ് കേന്ദ്രങ്ങളും നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ലഹരിമോചന കേന്ദ്രം ഉദ്ഘാടനം നാളെ
10:09 PM Nov 10, 2018 | Deepika.com