ഭരണങ്ങാനം: ഇന്ത്യയിലെ പൊതുമേഖലകളിലാകെ മൂലധനശക്തികളായ കോർപറേറ്റുകൾ പിടിമുറുക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണങ്ങാനം ഓശാനമൗണ്ടിൽ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന നേതൃത്വക്യന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി കോർപറേറ്റുകൾക്കു കൈമാറുകയാണ്. വൈദുതി വിതരണ രംഗത്ത് കോർപറേറ്റുകൾ കടന്നുവരുന്നതോടെ ലാഭം മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. ഇത്തരം സ്ഥാപനങ്ങൾ ഇതു കൈയടക്കുന്നതോടെ വൈദ്യുതിയുടെ വിലയുടെ കാര്യത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണം നഷ്ടമാകും. ഇതോടെ ഗ്രാമീണമേഖലയിലെ വൈദുതി വിതരണരംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹ്യ വീക്ഷണമുള്ള സംഘടനയായി ജനപക്ഷത്തുനിന്നു പ്രവർത്തിക്കാൻ ഫെഡറേഷന് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് നാസറുദീൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാർ, ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ കുര്യാക്കോസ്, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ, ഫെഡറേഷൻ സ്ഥാപക നേതാവ് സോമരാജൻ എന്നിവർ പ്രസംഗിച്ചു. ക്യാന്പ് ഇന്നു സമാപിക്കും.
പൊതുമേഖലകളിൽ മൂലധനശക്തികൾ പിടിമുറുക്കുന്നു: കാനം രാജേന്ദ്രൻ
09:59 PM Nov 10, 2018 | Deepika.com