കുറവിലങ്ങാട്: പ്രാദേശിക ചരിത്രരചനയിൽ സഹോദരിമാർ ചരിത്രമായി. കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രാദേശിക ചരിത്രരചനയിൽ ഒന്നാംസ്ഥാനം നേടിയത് സഹോദരിമാർ.
കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിനി അനുപ്രിയ ജോജോ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനത്തെത്തി. അനുപ്രിയയുടെ ഇളയ സഹോദരി കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി റോസ് മെറിൻ ജോജോ ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാംസ്ഥാനക്കാരിയായി. അനുപ്രിയ കഴിഞ്ഞ വർഷം ഹൈസ്കൂൾ തലത്തിൽ ഇതേ ഇനത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനക്കാരിയും സംസ്ഥാനത്ത് എ ഗ്രേഡ് ജേതാവുമായിരുന്നു.
കുറവിലങ്ങാടിനെ അധികരിച്ചാണ് ഇരുവരും എഴുതിയത്. നാടിന്റെ വിഭ്യാഭ്യാസ രംഗത്തിന് ഊന്നൽ കൊടുത്തുള്ള രചന ഒന്നാംസ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു. ശതോത്തര രജതജൂബിലിയിലെത്തിയ സെന്റ് മേരീസ് ഹയർ സെക്കൻഡറിയും ശതാബ്ദിയിലെത്തിയ സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളും ഇരുവർക്കും രചനയ്ക്ക് ആവേശവുമായി. മനോഹര ചിത്രങ്ങൾ നിറച്ച ആൽബവും വീഡിയോയും അഭിമുഖങ്ങളും പുസ്തകങ്ങളും സഹോദരിമാർക്ക് നേട്ടമായി.
തിരുമാറാടി വിലങ്ങുപാറയിൽ കർഷകനായ ജോജോ വി. ജോർജിന്റെയും കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ട്രീസാ പി. ജോണിന്റയും മക്കളാണ് ചരിത്രരചനയിൽ താരങ്ങളായ ഈ സഹോദരിമാർ.
പ്രദേശിക ചരിത്രരചനയിൽ ചരിത്രമെഴുതി സഹോദരിമാർ
09:59 PM Nov 10, 2018 | Deepika.com