ദേശീയപാതയുടെ പണിക്ക് വ്യാജ സിമന്റ് ലോഡ് ഇറക്കി: നാട്ടുകാർ തടഞ്ഞു
09:58 PM Nov 10, 2018 | Deepika.com
മുക്കൂട്ടുതറ: ശബരിമല പാതയിലെ മുക്കൂട്ടുതറ - കണമല ദേശീയപാതയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനായി ടോറസ് ലോറിയിലിറക്കിയ സിമന്റ് നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാത ദേശീയപാത നിലവാരത്തിൽ ടാർ ചെയ്തതിന്റെ ഭാഗമായി വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനായാണ് ലോറിയിൽ സിമന്റ് എത്തിച്ചത്. ലോഡ് ഇറക്കാനെത്തിയ തൊഴിലാളികൾ സിമന്റു ചാക്കുകളിൽ കന്പനിയുടെ പേരൊന്നും കാണാതെ വന്നതോടെ തുറന്നു പരിശോധിച്ചപ്പോഴാണ് ഗുണനിലവാരം കുറഞ്ഞ സിമന്റാണെന്ന പരാതി ഉയർന്നത്. സിഐടിയു ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ലോഡ് ഇറക്കുന്നത് തടഞ്ഞതോടെ പണികൾ നിർത്തിവയ്ക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ അന്വേഷണം ആവശ്യപ്പെട്ടു.