കൽപ്പറ്റ: ജില്ലാ വോളിബോൾ അസോസിയേഷന്റെയും കുറുന്പാലക്കോട്ട സെന്റ് ജൂഡ്സ് വോളിബോൾ അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു കുറുന്പാലക്കോട്ട സെന്റ് ജൂഡ്സ് ഗ്രൗണ്ടിൽ ജില്ലാ സബ് ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പ് നടത്തും. രാവിലെ ഒന്പതിനു തുടങ്ങുന്ന ചാന്പ്യൻഷിപ്പിൽ ജില്ലയിലെ പ്രമുഖ ക്ലബുകൾ പങ്കെടുക്കും.
ചാന്പ്യൻഷിപ്പ് വിജയിപ്പിക്കാനുള്ള കഠിനപരിശ്രമത്തിലാണ് സെന്റ് ജൂഡ്സ് അക്കാഡമി ഭാരവാഹികളും നാട്ടുകാരും. വോളിബോൾ കളിയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പരിശീലനം നൽകി മികച്ച താരങ്ങളാക്കുന്നതിനും ആരംഭിച്ചതാണ് അക്കാഡമി.
നിലവിൽ 50 ഓളം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. കരുമല സുധാകരനാണ് പരിശീലകൻ.
കുറുന്പാലക്കോട്ട സെന്റ് ജൂഡ്സ് ഇടവക വികാരി ജോസഫ് പരുവമ്മേൽ രക്ഷാധികാരിയായ കമ്മിറ്റിയാണ് അക്കാഡമിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
കോട്ടത്തറ പഞ്ചായത്ത്, സംസ്ഥാന വോളിബോൾ അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ എന്നിവയുടെ പിന്തുണയോടെയും പ്രദേശവാസികളുടെ സഹകരണത്തോടെയുമാണ് അക്കാഡമിയുടെ പ്രവർത്തനം.
കുറുന്പാലക്കോട്ടയിൽ സബ് ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പ് ഇന്ന്
11:51 PM Nov 05, 2018 | Deepika.com