കോട്ടയം: കോട്ടയം റവന്യൂ ജില്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം പാലാ വിദ്യാഭ്യാസ ജില്ലയിലെ കിടങ്ങൂരിൽ നടത്താൻ തീരുമാനമായി. പാലായിൽ നടത്താൻ തുടക്കത്തിൽ ആലോചിച്ചിരുന്ന കലാമേള കിടങ്ങൂർ സെന്റ് മേരീസ് എച്ച്എസ്എസ്, എൻഎസ്എസ് എച്ച്എസ് എന്നിവിടങ്ങളിൽ 16, 17 തീയതികളിൽ നടക്കും. ആവശ്യമെങ്കിൽ കിടങ്ങൂർ ഗവണ്മെന്റ് എൽപിഎസും വേദിയാകും. രചനാ മത്സരങ്ങൾ 12 മുതൽ 15 വരെ കിടങ്ങൂരിൽ നടത്തും. ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. സ്കൂളിലെ വിവിധ ഹാളുകളിലായി മത്സരം ക്രമീകരിക്കുന്നതിനാൽ പുറത്തു പന്തൽ വേണ്ടിവരില്ലെന്നാണ് സംഘാടക സമിതി അഭിപ്രായപ്പെട്ടത്.
സാന്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 16, 17 തീയതികളിൽ മത്സരാർഥികൾക്കും കൂടെയെത്തുന്ന അധ്യാപകർക്കും സംഘാടകർക്കും ഭക്ഷണം നൽകണമെന്നാണ് അഭിപ്രായമുണ്ടായത്. ഭക്ഷണം സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ യോഗത്തിലുണ്ടാകും. വിളംബര ഘോഷയാത്ര ഒഴിവാക്കും. വിധിനിർണയത്തെച്ചൊല്ലി പരാതിയും കയ്യാങ്കളിയും ഒഴിവാക്കാൻ പ്രഗത്ഭരായ വിധികർത്താക്കളെ എത്തിക്കണമെന്നും അർഹമായ വേതനം നൽകണമെന്നുമാണു തീരുമാനം. വിവിധ സ്കൂളുകളിൽ നിന്നായി ആറായിരം വിദ്യാർഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കും. അടുത്തയാഴ്ച കിടങ്ങൂരിൽ വിപുലമായ ആലോചനാ സമ്മേളനം സംഘടിപ്പിക്കും.
സ്കൂൾ കലോത്സവം കിടങ്ങൂരിൽ; സെന്റ് മേരീസും എൻഎസ്എസും വേദി
10:54 PM Nov 05, 2018 | Deepika.com