തൊടുപുഴ: മുട്ടയുടെ 167 വിഭവങ്ങൾ ഒരുക്കി രുചി വൈവിധ്യം തീർത്ത് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ വിദ്യാർഥികൾ.
സ്കൂൾ പൗൾട്രി ക്ലബിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ കുട്ടികൾക്ക് വിതരണം ചെയ്ത 1500 ഓളം മുട്ടക്കോഴികളിൽ നിന്നും ശേഖരിച്ച 2500 മുട്ടകൾ ഉപയോഗിച്ചാണ് എഗ്ഫെസ്റ്റ് സംഘടിപ്പിച്ചത്. എഗ് ഡ്രോപ്പ് സൂപ്പ്, സ്കോച്ച് എഗ്, എഗ് മയോ നൈസ്, സ്റ്റഫ്ഡ് എഗ്, എഗ് ക്രോക്കറ്റ്, കാരമൽ കസ്റ്റാർഡ്, സ്ക്രാബിൾഡ് എഗ്, എഗ് ചീസ് സാൻവിച്ച് തുടങ്ങി മുട്ടയുടെ വിവിധ ഉത്പ്പന്നങ്ങളാണ് തയാറാക്കിയത്. ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ 14 കുട്ടികൾക്ക് മുട്ടയുടെ വിവിധ വിഭവങ്ങൾ തയാറാക്കുന്നതിന് പരിശീലന ക്ലാസ് നൽകിയിരുന്നു. ഈ കുട്ടികളോടൊപ്പം ഫുഡ്ക്രാഫ്റ്റിലെ കുട്ടികളും ചേർന്ന് 14 ഇനം വിഭവങ്ങൾ തയാറാക്കി. ഇതിനുപുറമെ രക്ഷിതാക്കളുടെ സഹകരണത്തോടെ 167 ഇനം മുട്ടവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി പ്രദർശിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തു. ഇതോടൊപ്പം ജില്ലാ മൃഗാശുപത്രിയുടെ നേതൃത്വത്തിൽ സ്കൂൾ പൗൾട്രി ക്ലബിലെ 100 കുട്ടികൾക്ക് 500 മുട്ടക്കോഴികളെ വിതരണം ചെയ്തു. എഗ്ഫെസ്റ്റിന്റെ ഉദ്ഘാടനം ജോയ്സ് ജോർജ് ഓംലെറ്റ് ഉണ്ടാക്കി നിർവഹിച്ചു.
മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സണ് മിനി മധു നടത്തി. തെരഞ്ഞെടുത്ത 100 രക്ഷിതാക്കൾക്കുളള പാചക ക്ലാസിന്റെ ഉദ്ഘാടനം വാർഡ് കൗണ്സിലർ സുമാമോൾ സ്റ്റീഫൻ നിർവഹിച്ചു. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ബൈജു വിജയൻ, ആന്റണി സെബാസ്റ്റ്യൻ എന്നിവർ രക്ഷിതാക്കൾക്ക് പാചക ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ റവ. ഡോ.ജിയോ തടിക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ വെറ്ററിനറി സൂപ്രണ്ട് മഞ്ജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വെറ്ററിനറി ഡോ. ജിജിമോൻ ജോസഫ്, ഡോ. ജെയ്സണ് പിടിഎ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എംപിടിഎ പ്രസിഡന്റ് ജിസി സാജൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെയ്സണ് ജോർജ്, അധ്യാപകരായ അനീഷ് ജോർജ്, ഷിന്റോ ജോർജ്, മെറിൻ ജോസ്, സിസ്റ്റർ സൗമ്യ, ജിൻസ് ജോസ്, ബിന്ദു ഒലിയപ്പുറം, ബീനാ വിൽസണ്, ആർ.മിനിമോൾ എന്നിവർ നേതൃത്വം നൽകി.
മുട്ടയുടെ 167 വിഭവങ്ങളൊരുക്കി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസിലെ വിദ്യാർഥികൾ
10:07 PM Nov 05, 2018 | Deepika.com