ചങ്ങനാശേരി: സൂര്യ ജനപ്രിയ ഡാൻസ് ഫെസ്റ്റിവലിൽ ഒഡീസി നൃത്തപ്രതിഭയും ബാംഗ്ലൂരിലെ സെന്റർ ഫോർ ഒഡീസി ഡാൻസിന്റെ ഡയറക്ടറുമായ അഭയ ലക്ഷ്മിയുടെ നൃത്തപ്രകടനം ശ്രദ്ധേയമായി.
അഭയ ലക്ഷ്മിയുടെ നൃത്തച്ചുവടുകൾ സദസിന്റെ മനസുകൾക്ക് പുളകമായി. ബാലഭാസ്കർ നഗറിൽ (ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിൽ) നിരൂപകയും എഴുത്തുകാരിയുമായ പ്രഫ.ശാരദകുട്ടി തിരി തെളിച്ചു.
വനിതാഫോറം പ്രസിഡന്റ് റോസ് ജോണ് അധ്യക്ഷത വഹിച്ചു. നടന രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായ ശ്രീജ ശ്രീകാന്തിനു പ്രഫ.ശാരദകുട്ടി മൊമെന്റോ നൽകി ആദരിച്ചു.
സൂര്യ നൃത്തോത്സവത്തിൽ ഇന്ന് ശ്വേതാ പ്രചന്ദിന്റെ ഭരതനാട്യം
ചെത്തിപ്പുഴ: സൂര്യ നൃത്തോത്സവ വേദിയിൽ ഇന്ന് വൈകുന്നേരം 6.30ന് ചെന്നൈയിൽ നിന്നുള്ള ശ്വേതാ പ്രചന്ദിന്റെ ഭരതനാട്യം അരങ്ങേറും.
മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് സാംസണ് വലിയപറന്പിൽ തിരിതെളിക്കും.
പുതിയ തലമുറയിൽ ഭരതനാട്യരംഗത്ത് ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിലുള്ള കലാകാരിയാണ് ശ്വേതാ പ്രചന്ദ്. പ്രശസ്തയായ പ്രിയദർശിനി ഗോവിന്ദിന്റെ ശിഷ്യയായും പിന്നീട് പൂനയിൽ കലാവർധിനി ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോ.സുചേത ചപ്പേക്കറിന്റെ ശിഷ്യയായും അഞ്ച് വർഷക്കാലം ഭരതനാട്യം അഭ്യസിച്ചു.
ലണ്ടനിൽ ഡാൻസ് സ്റ്റഡീസിൽ ഡിപ്ലോമയും ഭരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡാൻസിൽ ഡിപ്ലോമയും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിൽ നിന്നു ദേശീയ ബലശ്രീ ബഹുമതി നേടിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നിരവധി പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ഭരതനാട്യരംഗത്തെക്കുറിച്ച് ശില്പശാലയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന കലാകാരിയാണ്.
ചെത്തിപ്പുഴ സൂര്യ നൃത്തോത്സവം: ഒഡീസി നൃത്തം ശ്രദ്ധേയമായി
01:56 AM Nov 05, 2018 | Deepika.com