മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്കു വേണ്ടിയുള്ള 20-ാമത് വോളിബോൾ ടൂർണമെന്റും, 16-ാമത് ബാസ്കറ്റ്ബോൾ ടൂർണമെന്റും ആവേശ്വജ്ജലമായ സമാപനത്തിലേക്ക്. ഇന്ന് രാവിലെ 9.30ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ടൂർണമെന്റിന് കൊടിയിറങ്ങും.
ഇന്നലെ നടന്ന വോളിബോൾ സെമിഫൈനൽ മത്സരങ്ങളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം സ്കൂൾ 25-20, 25-19, 20-25, 25-23 എന്ന സ്കോറിന് പേരാമംഗലം എസ്ഡിവി എച്ച്എസ്എസിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് എച്ച്എസ്എസ് ബത്തേരി 25-18, 25-20, 25-17 എന്ന സ്കോറിന് ഗവണ്മെന്റ് എച്ച്എസ്എസ് പായന്പ്രയെയും കോഴിക്കോട് നാഷണൽ എച്ച്എസ്എസ് 25-23, 25-14, 15-25, 25-12 എന്ന സ്കോറിന് തിരുവനന്തപുരം മാധവ വിലാസം എച്ച്എസ്എസ്നെയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗം ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്. 82-67 എന്ന സ്കോറിന് തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ്നെയും ഇടുക്കി ഷാന്താൾ ജ്യോതി പബ്ലിക് സ്കൂൾ 80-69 എന്ന സ്കോറിന് പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിനെയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.
ഇന്ന് രാവിലെ 9.30ന് മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധിപൻ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ യുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാതാരം വീണ നായർ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്യും.
അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യൻ, കോട്ടയം ജില്ലാ പഞ്ചായത്ത് മെന്പർ മഹേഷ് ചന്ദ്രൻ, കെ.ഇ. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി തോമസ്, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ ജി. കുറുപ്പ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. സേവ്യർ അന്പാട്ട് സിഎംഐ, ഷാജി ജോർജ്, സ്റ്റാഫ് പ്രതിനിധി പി.ജെ. കുര്യൻ എന്നിവർ പ്രസംഗിക്കും.
കെ ഇ ട്രോഫി: ബാസ്കറ്റ്- വോളി ഫൈനൽ ഇന്ന്
01:56 AM Nov 05, 2018 | Deepika.com