വാഴൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ കോട്ടയവുമായി സഹകരിച്ച് കേരളപ്പിറവി ദിനത്തിൽ വാഴൂർ ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി അഞ്ചു സ്ഥലങ്ങളിൽ പുനർജനി കാർഷിക കലാ ദൃശ്യവിസ്മയം അവതരിപ്പിച്ചു.
ജില്ലയിൽ ആത്മ പദ്ധതി പ്രകാരം ഈ പരിപാടി സംഘടിപ്പിച്ചത് വാഴൂർ കൃഷിഭവന്റെ നേതൃത്വത്തിൽ വാഴൂർ ബ്ലോക്കിൽ മാത്രമായിരുന്നു. ജനപ്രതിനിധികളും കർഷകരും ഉദ്യോഗസ്ഥരും പരിപാടികൾക്ക് നേതൃത്വം നൽകി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം100 കുടുംബങ്ങൾക്ക് ഗ്രോബാഗ് യൂണിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്കലാദേവി നിർവഹിച്ചു. പഞ്ചായത്ത് മെംബർ വി.പി. റെജി അധ്യക്ഷത വഹിച്ചു.
ഡോ. എൻ. ജയരാജ് എംഎൽഎ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരായ രാജൻ, നസീബ്, സജി, റിട്ടയേഡ് എഎഒ തോമസ് എന്നിവർ വാഴൂരും മണിമലയിലും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ്, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ഡയോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് മെംബർമാർ വാഴൂർ കാർഷിക കർമസേന പ്രസിഡന്റ് കെ. വി. ജ്ഞാനകുമാർ, കൃഷി ഓഫീസർ ഹാപ്പി മാത്യു കെ എന്നിവർ പ്രസംഗിച്ചു.
25 പ്ലോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളും 50 പച്ചക്കറിതൈകളും അടങ്ങുന്ന ഒരു യൂണിറ്റിന് 2000 രൂപയാണ് ചിലവെങ്കിലും 1500 രൂപ സബ്സിഡി നൽകി 500 രൂപയ്ക്കാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ഗ്രോബാഗുകൾ നിറയ്ക്കുന്നത് കൃഷി ഭവന്റെ കർശന നിയന്ത്രണത്തിൽ ഗുണ നിലവാരം ഉറപ്പ് വരുത്തി വാഴൂർ കാർഷിക കർമസേനയാണ്.
കാർഷിക കലാ ദൃശ്യവിസ്മയം
10:01 PM Nov 04, 2018 | Deepika.com