പാറമടകൾക്കെതിരേ നടപടിയെടുക്കണം: പിഴക് പൗരസമിതി
09:58 PM Nov 04, 2018 | Deepika.com
പിഴക്: കെട്ടിട നിർമാണത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ നടപടിയെടുക്കണമെന്ന് പിഴക് പൗരസമിതി ആവശ്യപ്പെട്ടു. ഈ അനധികൃത പാറമടകൾ പ്രവർത്തിക്കുന്നത് ലൈസൻസും പെർമിറ്റും ഇല്ലാതെയാണ്. രാത്രിയുടെ മറവിലാണു കല്ല് കയറ്റിക്കൊണ്ടു പോകുന്നത്. ഇത്തരം പാറമടകൾ യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല. ആയതുമൂലം പൊതുജനത്തിനും തൊഴിലാളികൾക്കും ജീവഹാനി വരെ സംഭവിക്കാവുന്നതാണ്. മാത്രവുമല്ല പരിസര മലിനീകരണവും കുടിവെള്ളക്ഷാമവും ഇതുമൂലം ഉണ്ടാകുന്നു. പഞ്ചായത്ത് അധികൃതരും പോലീസ് അധികാരികളും കണ്ണടക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാരും പൗരസമിതി പ്രവർത്തകരും പറഞ്ഞു.