ആലപ്പുഴ: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഫൊറോനയിലെ എല്ലാ പള്ളികളുടെയും അതിർത്തിയിലുള്ള പോസ്റ്റോഫീസുകൾക്കു മുന്പിൽ നാളെ ധർണ നടത്തും. വിശ്വാസത്തിനും ധാർമികതയ്ക്കും നിരക്കാത്ത ചില കാര്യങ്ങൾക്കു പൊതുസമൂഹത്തിൽ അംഗീകാരം ലഭിക്കാൻ ഇടയാകുന്ന തീരുമാനങ്ങൾ അധികാരികളിൽ നിന്നുണ്ടായി. ക്രൈസ്തവർ പരിപാവനമായി കരുതുന്ന കുന്പസാരമെന്ന കൂദാശയെ അവഹേളിക്കുന്ന തരത്തിലുള്ള നീക്കങ്ങളും നടന്നു. ഇതിനെതിരേ ആലപ്പുഴ ഫൊറോന യോഗം പ്രതിഷേധിച്ചു.
കുടുംബത്തിന്റെ ധാർമികത തകർക്കുന്ന നടപടികൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന മൂല്യച്യുതി ബോധ്യപ്പെടുത്താനും ക്രൈസ്തവ സമൂഹത്തിന്റെ പ്രതികരണം അറിയിക്കാനുമാണ് ധർണ നടത്തുന്നത്. ചങ്ങനാശേരി അതിരൂപത തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ഫൊറോനയിലെ പള്ളികളുടെ പരിധിയിലുള്ള പോസ്റ്റോഫീസുകൾക്കു മുന്പിൽ ധർണയും, നവംബർ ഒന്പതിനു
ഉച്ചകഴിഞ്ഞു രണ്ടിനു പഴവങ്ങാടി മാർസ്ലീവാ ഫൊറോന പള്ളിയിൽ നിന്ന് ഇരുന്പുപാലം പോസ്റ്റ് ഓഫീസിലേക്കു പ്രതിഷേധറാലി നടത്താനും യോഗം തീരുമാനിച്ചു. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പോസ്തലേറ്റ് ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. ദേവസ്യ തുണ്ടിയിൽ, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, വർഗീസ് നെല്ലിക്കൻ, ഏബ്രഹാം പുത്തൻകളം, ലാലി ഇളപ്പുങ്കൽ, ജോളി സഖറിയാസ് എന്നിവർ പ്രസംഗിച്ചു. റോയി വേലിക്കെട്ടിൽ, സജി പത്തിൽ, ജോയിച്ചൻ, ബിനു സ്കറിയ, ജോണ് ബോസ്കോ, ഒ.ജെ. സെബാസ്റ്റ്യൻ, ബേബി പാറക്കാടൻ, ബീന ആന്റണി, ഡയാന ജോയിക്കുട്ടി എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
ഫാമിലി അപ്പോസ്തലേററ് പോസ്റ്റ് ഓഫീസ് ധർണ നാളെ
10:38 PM Nov 03, 2018 | Deepika.com