തുറവൂർ: താലൂക്ക് ആശുപത്രിയിൽ താത്കാലിക ജീവനക്കാരെ നിയമിച്ചതിന്റെ മറവിൽ അഴിമതിയെന്ന് ആരോപണം.
കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുന്പ് എക്സ്റേ, ഈസിജി ഉൾപ്പെടെയുള്ള വിഭാഗത്തിലേയ്ക്ക് താത്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. പത്രപരസ്യവും ഇന്റർവ്യൂവും പ്രഹസനമായി നടത്തുകയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഇഷ്ടക്കാരെ ആശുപത്രിയിൽ നിയമിക്കുകയും ചെയ്തതായാണ് ആരോപണം. പതിനായിരം രൂപ മാസശന്പളത്തിലാണ് നിയമനം നടത്തിയത്. എന്നാൽ നിയമനത്തിനുശേഷം രണ്ടു മാസത്തിനുള്ളിൽ ശന്പളം പതിനയ്യായിരം രൂപയായി നിയമവിരുദ്ധമായി വർധിപ്പിച്ചു. ആശുപത്രി വികസനസമിതി പോലും അറിയാതെയാണ് ഇത്തരത്തിലെ ശന്പള വർധനവത്രേ. നിയമനം നടത്തി ആറുമാസങ്ങൾക്കു ശേഷം മാത്രമേ ശന്പള വർധനവ് പാടുള്ളു എന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
തുറവൂർ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാർ ഭൂരിഭാഗവും ആറുമാസ കാലാവധിയിൽ കയറിയതാണെങ്കിലും വർഷങ്ങളായി ഇവിടെ തുടർന്നു വരികയാണ്.
ചില താത്കാലിക ജീവനക്കാരുടെ നിയന്ത്രണത്തിലാണ് നിലവിൽ ആശുപത്രിയുടെ പ്രവർത്തനം എന്നുവരെ ആരോപണം ഉണ്ട്. നിലവിലെ മുഴുവൻ താത്കാലിക ജീവനക്കാരേയും പിരിച്ചുവിട്ട് പുതുതായി ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
തുറവൂർ താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനത്തിൽ അഴിമതിയെന്ന്
10:34 PM Nov 03, 2018 | Deepika.com