പാലാ: എംജി സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസിന് എഴുപത്തിയഞ്ച് വയസ് പിന്നിടുന്നു. അധ്യാപന രംഗത്തും ഡോ. സിറിയക് തോമസ് അര നൂറ്റാണ്ട് പിന്നിടുകയാണ്. എംജി സര്‍വകലാശാല വൈസ് ചാന്‍സലർ, കേരള സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലർ, കൊച്ചിന് സര്‍വകലാശാല വൈസ് ചാന്‍സലർ, കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനംഗം, സ്വകാര്യ സര്‍വകലാശാല സാധ്യതാപഠന കമ്മീഷന് ചെയര്മാൻ, കോണ്‍ഗ്രസ് എഐസിസി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. സിറിയക് തോമസിനെ ആദരിക്കുന്നതിനായി ഗുരുവന്ദനം പരിപാടി ഏഴിനു വൈകുന്നേരം നാലിന് പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഡോ. സിറിയക് തോമസ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മോൺ. ജോസഫ് കൊല്ലംപറന്പിൽ പ്രാർഥന നടത്തും. ഡോ. കെ.കെ. ജോസ് സ്വാഗതം പറയും. ഡോ. റൂബിൾരാജ് പുസ്തക പരിചയം നടത്തും. ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ.എ.ടി. ദേവസ്യ, ജോർജ് കുളങ്ങര, അഡ്വ. സത്യരത്നകുമാർ, പ്രഫ. സി.ജെ.സെബാസ്റ്റ്യൻ, ജോർജ് സി. കാപ്പൻ, ഡോ. ടി.എം. ജോർജ്, രവി പാലാ, ഡോ. എം.വി. ജോർജുകുട്ടി തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഡോ. സാബു ഡി. മാത്യു, മിജോയിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. സിറിയക് തോമസിന് ഗുരുവന്ദനം
10:06 PM Nov 03, 2018 | Deepika.com