ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ യൂത്ത് ലീഗ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സിപിഎം നേതാവടക്കം 15 പേർക്കെതിരേ തളിപ്പറമ്പ് കോടതിയുടെ നിർദേശ പ്രകാരം ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു. സിപിഎം ചെങ്ങളായി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ കുണ്ടംകൈയിലെ പി.വി. രാജൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ചെമ്പിലേരിയിലെ ടി. ധനേഷ്, ചേരൻമൂലയിലെ ചെറുകുന്നോന്റകത്ത് ഷാഹിദ്, അരിന്പ്രയിലെ വി.സി. അഷ്റഫ്, കുണ്ടംകൈയിലെ മുനീർ തുടങ്ങി കണ്ടാലറിയാവുന്ന 10 ഓളം പേർക്കെതിരേയാണ് കേസ്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. യൂത്ത്ലീഗ് ചെങ്ങളായി ശാഖാ കമ്മിറ്റി ട്രഷറർ ചെങ്ങളായി കൊവുപ്രത്തെ നടുവിലകത്ത് റഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്. ചെങ്ങളായി മദ്രസ വളപ്പിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാനെത്തിയ സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും ഏറ്റുമുട്ടുകയായിരുന്നു. സിപിഎം നേതാവ് രാജന്റെ പരാതിയിൽ യൂത്ത് ലീഗ് നേതാവ് റഫീഖ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേ നേരത്തെ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചെങ്ങളായി സംഘർഷം; സിപിഎം നേതാവടക്കം 15 പേർക്കെതിരേ കേസ്
01:24 AM Nov 03, 2018 | Deepika.com