മാ​ങ്ങാ​ട്ടു​പ​റ​ന്പി​ൽ അ​ത്യാ​ധു​നി​ക സി​ന്ത​റ്റി​ക് ട്രാ​ക്ക് സ​ജ്ജ​മാ​യി; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

01:20 AM Nov 03, 2018 | Deepika.com
റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​യാ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ അ​ത്യാ​ധു​നി​ക സി​ന്ത​റ്റി​ക് ട്രാ​ക്ക് ത​യാ​റാ​യി.​ ആ​റ​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ 400 മീ​റ്റ​റിന്‍റെ എ​ട്ട് ലൈ​നു​ക​ളു​ള്ള സി​ന്ത​റ്റി​ക് ട്രാ​ക്കാ​ണ് സ​ജ്ജ​മാ​യ​ത്. സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രാ​ക്ക് നി​ർ​മി​ച്ച​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​എ​എ​ഫ്) ട്രാ​ക്ക് പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്കി​ക്ക​ഴി​ഞ്ഞു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ജിം​നേ​ഷ്യം സെ​ന്‍റ​ർ തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ട​ര​ക്കോ​ടി രൂ​പ ഇ​തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ലാ​ബു​ക​ളും വ​രു​ന്നു​ണ്ട്. ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​ടി. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ കേ​ര​ള, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്കു​ള്ള​ത്. സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന് രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ട്രാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​ നി​ർ​വ​ഹി​ക്കും. ഒ​ളി​ന്പ്യ​ൻ ഷൈ​നി വി​ൽ​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി, പി.​ ക​രു​ണാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​ഐ. ഷാ​ന​വാ​സ്, കെ.​കെ. രാ​ഗേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഒ.​കെ.​ ബി​നീ​ഷ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള​ത്

അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​ത്തി​ലാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്കും ഗ്രൗ​ണ്ടും പൂ​ർ​ത്തി​യാ​യിരിക്കുന്നത്. നാ​ല് ജം​പിം​ഗ് പി​റ്റ്, ഹാ​മ​ർ ത്രോ, ​ഡി​സ്ക​സ് ത്രോ ​കെ​യ്ജു​ക​ൾ എ​ന്നി​വ​യ്ക്കു​പു​റ​മെ സ്റ്റീ​പ്പി​ൾ ചെ​യ്സ് മ​ത്സ​ര​ത്തി​നു​ള്ള വാ​ട്ട​ർ ജം​പും ട്രാ​ക്കി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 110 മീ​റ്റ​ർ നീ​ള​ത്തി​ലും 76 മീ​റ്റ​ർ വീ​തി​യി​ലും ബ​ർ​മു​ഡ ഗ്രാ​സ് വ​ച്ചു പി​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ഫീ​ൽ​ഡും ട്രാ​ക്കി​നു​ള്ളി​ലാ​യി നി​ർ​മി​ച്ചി​ട്ടു​ണ്ട്. 3000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി, എ​ക്വി​പ്മെ​ന്‍റ് സ്റ്റോ​ർ റൂം, ​ഡ്ര​സിം​ഗ് റൂം ​എ​ന്നീ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ഫ്ല​ഡ്‌​ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച് രാ​ത്രി​യി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും വ​രു​ന്നു​ണ്ട്. കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള വാ​മിം​ഗ് അ​പ്പ് ഗ്രൗ​ണ്ടും ഉ​ട​ൻ നി​ർ​മി​ക്കും. ഇ​തി​നാ​യി കേ​ര​ള ക്ലേ​യ്സ് ആ​ൻ​ഡ് സി​റാ​മി​ക്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 60 സെ​ന്‍റ് ഭൂ​മി സ​ർ​വ​ക​ലാ​ശാ​ല വാ​ങ്ങി​യി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഗ്രേ​റ്റ് സ്പോ​ർ​ട്സ് ഇ​ൻ​ഫ്രാ ക​ന്പ​നി​യാ​ണ് ട്രാ​ക്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ട്രാ​ക്കി​ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗീ​കാ​ര​വും ബി ​ക്ലാ​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തിയും ല​ഭി​ച്ചി​ട്ടു​ണ്ട്. 2015 സെ​പ്റ്റം​ബ​റി​ലാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

കാ​യി​ക കോ​ഴ്സു​ക​ളു​ടെ കേ​ന്ദ്രം

രാജ്യത്തുത​ന്നെ കാ​യി​ക​പ​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യാ​യി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​റി​യി​രി​ക്കു​ക​യാ​ണ്. മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലാ​ണ് കാ​യി​ക​കോ​ഴ്സു​ക​ൾ. കാ​യി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ന​ല്കു​ന്ന ബി​പി​എ​ഡ്, എം​പി​എ​ഡ്, എം​ഫി​ൽ, പി​എ​ച്ച്ഡി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്കു​പു​റ​മെ ഡി​പ്ലോ​മ ഇ​ൻ ക​ള​രി​പ്പ​യ​റ്റ്, ഡി​പ്ലോ​മ ഇ​ൻ യോ​ഗ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫി​റ്റ്ന​സ് മാ​നേ​ജ്മെ​ന്‍റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്വിമ്മിം​ഗ് ട്രെ​യി​നിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്.

പ്രൗ​ഢ​ച​രി​ത്രം വീ​ണ്ടെ​ടു​ക്കാ​ൻ

2008-ൽ ​ന​ട​ന്ന അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യാ​യി​രു​ന്നു ചാ​ന്പ്യ​ൻ​മാ​ർ.

തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​രു​ന്നു. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ അ​ത്‌​ല​റ്റി​ക്സി​ൽ മി​ക​വ് തെ​ളി​യി​ച്ച ഒ​ളി​ന്പ്യ​ൻ മ​യൂ​ഖ ജോ​ണി, രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​യ ആ​ർ. സു​കു​മാ​രി, അ​നു മ​റി​യം ജോ​സ്, വി.​ഡി. ഷി​ജി​ല, കെ.​സി. ദി​ജ എ​ന്നി​വ​രും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ താ​ര​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്സി​ൽ പി​ന്നോ​ട്ടു​പോ​കു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. പ​രി​ശീ​ല​ക​രു​ടെ അ​ഭാ​വ​മാ​ണ് താ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രാ​ത്ത​തി​ന്‍റെ കാ​ര​ണം. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കെ രാ​ജ്യാ​ന്ത​ര കാ​യി​ക ഇ​ന​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ പ​രി​ശീ​ല​ന​ത്തി​നു നി​യ​മി​ച്ചാ​ൽ മാ​ത്ര​മേ കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കഴിവുള്ളവരെ കണ്ടെത്താൻ പ​ദ്ധ​തി

കാ​യി​ക​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന പു​തി​യൊ​രു പ​ദ്ധ​തി​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ സ്കൂ​ൾ​ത​ലം മു​ത​ൽ പ​രി​ശീ​ല​നം ന​ല്കി​വ​രു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ​ല താ​ര​ങ്ങ​ളും മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​ണ്. ഇ​തി​നു ത​ട​യി​ടാനാ​ണ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കാ​യി സെ​ല​ക്‌​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്തും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ല്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ന​ല്കു​ന്നു​ണ്ട്. നി​ല​വി​ൽ നീന്തലിൽ ഇ​ത്ത​രം പ​രി​ശീ​ല​നം ന​ല്കി​വ​രു​ന്നു​ണ്ട്. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ നീന്തൽ മത്സരങ്ങളിൽ മെ​ഡ​ലു​ക​ൾ നേ​ടി​യ​വ​രി​ൽ ചി​ല​ർ ഇ​വി​ടെ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്.