ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിനുള്ളിൽ നാളെമുതൽ പുതിയ ഗതാഗതപരിഷ്കാരം നിലവിൽവരുമെന്ന് അധികൃതർ അറിയിച്ചു. ചെർപ്പുളേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നും വരുന്ന ബസുകൾ പഞ്ചാബ് നാഷണൽ ബാങ്കിനുസമീപം ആളുകളെ ഇറക്കി നഗരസഭാ മാർക്കറ്റ് കോംപ്ലക്സിൽ നിർത്തണം.
തിരിച്ചുപോകുന്പോൾ ബസ് സ്റ്റാൻഡിനു മുന്നിൽനിന്ന് ആളുകളെ കയറ്റി സെൻഗുപ്ത റോഡ് വഴി ചെർപ്പുളശേരിയിലേക്ക് പോകണം.
പട്ടാന്പി, ഗുരുവായൂർ ഭാഗത്തുനിന്നും പാലക്കാട്ടേയ്ക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിനു മുന്നിൽനിന്ന് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തുനേരെ പോകണം. തൃശൂരിൽനിന്നും വന്ന് ഒറ്റപ്പാലത്ത് സർവീസ് അവസാനിപ്പിക്കുന്ന ബസുകൾ സ്റ്റാൻഡിനുമുന്നിൽ ആളുകളെ ഇറക്കി മായന്നൂർ പാലത്തിനുസമീപം പാർക്ക് ചെയ്യണം. മടങ്ങുന്പോൾ സ്റ്റാൻഡിനുമുന്നിൽനിന്നും ആളുകളെ കയറ്റണം.
തിരുവില്വാമല, അന്പലപ്പാറ മേഖലകളിൽനിന്നും വരുന്ന ബസുകൾ സ്റ്റാൻഡിനു മുന്നിൽ ആളുകളെ ഇറക്കി കണ്ണിയംപുറം സിഎസ്എൻ ഓഡിറ്റോറിയം പരിസരത്ത് യാത്ര അവസാനിപ്പിക്കണം.
പാലക്കാട് ഭാഗത്തുനിന്നും ഷൊർണൂർ ഭാഗത്തേക്ക് വാഹനങ്ങൾ സ്റ്റാൻഡിനുമുന്നിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് നേരെ പോകണം.
ഒറ്റപ്പാലം നഗരത്തിനുള്ളിൽ നാളെ മുതൽ പുതിയ ഗതാഗതപരിഷ്കാരം നിലവിൽവരും
11:07 PM Nov 02, 2018 | Deepika.com