ഉപ്പുതറ: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്നു സ്വർണംനേടി വ്യക്തിഗത ചാന്പ്യനായ സ്നേഹ ജേക്കബിന് അനുമോദനപ്രവാഹം. മാതൃ സ്കൂളായ മേരികുളം സെന്റ് മേരീസ് യുപി സ്കൂളിൽ ഇന്നലെ സ്നേഹയ്ക്ക് ഗംഭീര സ്വീകരണമാണ് നൽകിയത്. ടൗണിൽനിന്നും വാദ്യഘോഷങ്ങളുടെ അകന്പടിയോടെ റാലിയായാണ് സ്നേഹയെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്.
ഇ.എസ്. ബിജിമോൾ എംഎൽഎ അനുമോദന സമ്മേളനം ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തടത്തിൽ അധ്യക്ഷതവഹിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്തു പ്രസിഡന്റ് എ.എൽ. ബാബു, വൈസ്പ്രസിഡന്റ് നിഷാമോൾ ബിനോജ് എന്നിവർചേർന്ന് പഞ്ചായത്തിന്റെ ഉപഹാരംനൽകി. ഹെഡ്മാസ്റ്റർ ജോസഫ് മാത്യൂ, വി.എസ്. രാജേഷ്കുമാർ, ജാൻസി ജോർജ്, കെ.ജെ. ആര്യ, എഡ്വിൻ ടോം എന്നിവർ പ്രസംഗിച്ചു.
അനുമോദനത്തിന്റെ ഭാഗമായി കട്ടപ്പന കേജീസ് ജ്വല്ലറി സ്നേഹയ്ക്ക് ആവശ്യമായ സ്പൈക്കും ജേഴ്സിയും പീരുമേട് സ്പൈസ് സൊസൈറ്റി 10,000 രൂപയും ചടങ്ങിൽ സ്പോണ്സർ ചെയ്തു.
ഏതാനുംമാസംകൊണ്ട് ഇത്രയധികം നേട്ടം കൈവരിക്കാനായത് ഇവിടുത്തെ മണ്തരികളിൽനിന്നും കിട്ടിയ ഉൗർജവും നാടിന്റെ പ്രാർഥനയുമാണെന്ന സ്നേഹയുടെ മറുപടി കരഘോഷത്തോടെയാണ് അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും സ്വീകരിച്ചത്.
റോഷി അഗസ്റ്റിൻ എംഎൽഎ, സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, കൂട്ടുകാർ എന്നിവരെല്ലാം വീട്ടിലെത്തി സ്നേഹയെ അനുമോദിച്ചു.
തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച സ്നേഹ ലോംഗ്ജംപ്, 100 മീറ്റർ ഓട്ടം, 400 മീറ്റർ റിലേ എന്നീ ഇനങ്ങളിലാണ് സ്വർണകൊയ്ത്തു നടത്തി വ്യക്തിഗത ചാന്പ്യനായത്. മാട്ടുക്കട്ട പുന്നൂര് ജേക്കബിന്റെയും ബിൻസിയുടെയും മകളായ സ്നേഹ കൊല്ലം സായിയിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞവർഷം മേരികുളം യുപി സ്കൂളിനെ പ്രതിനിധീകരിച്ച് അമച്വർ മീറ്റിൽ വ്യക്തിഗത ചാന്പ്യനായിരുന്നു.
സ്വർണ സ്നേഹയ്ക്ക് ജൻമനാട്ടിൽ ഉജ്വല സ്വീകരണം
10:30 PM Nov 02, 2018 | Deepika.com