വൈക്കം: ഇടയാഴം - കല്ലറ റോഡിലെ നാണുപറന്പ് വളവിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി വൈദ്യുതിപോസ്റ്റ് ഇടിച്ചു തകർത്തു പാടത്തേക്കു ചരിഞ്ഞു. ആർക്കും പരിക്കില്ല.
ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. വീതി കുറഞ്ഞ ഇടയാഴം - കല്ലറ റോഡിൽ ഭാരവാഹനങ്ങളുടെ അമിതവേഗം അപകടഭീതി പരത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഈറൂട്ടിൽ വാഹന അപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരും വളരെയേറെയുണ്ട്.
ഇടുങ്ങിയ റോഡിൽ നിറയുന്ന ഭാരവണ്ടികളുടെ മരണപാച്ചിലിനിടയിൽ ഇരുചക്രവാഹന യാത്രികരും കാൽനടക്കാരുമൊക്കെ ജീവൻ രക്ഷിച്ചെടുക്കുന്നത് തലനാരിഴയ്ക്കാണ്. ടിപ്പർ അടക്കമുള്ള ഭാരവണ്ടികളുടെ അമിതവേഗം കുറയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ടിപ്പർലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു പാടത്തേക്കു ചരിഞ്ഞു
11:13 PM Oct 31, 2018 | Deepika.com