കട്ടപ്പന: വെള്ളയാംകുടിയിൽ ജീപ്പിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. മുളകരമേട് ഇളപ്പുങ്കൽ ജോസിന്റെ മക്കളായ തെരേസ ജോസ്(12), എയ്ഞ്ചൽമരിയ ജോസ് (ഒന്പത്) എന്നിവർക്കാണ് പരിക്കേറ്റത്. തെരേസ വെള്ളയാംകുടി സെന്റ് ജറോംസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയും എയ്ഞ്ചൽമരിയ അതേസ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയുമാണ്. ഇന്നലെ വൈകുന്നേരം നാലോടെ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് കുട്ടികളെ ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. നിർത്തിയിട്ടിരുന്ന ബസിനുപിന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കട്ടപ്പനയിൽനിന്നും ഇടുക്കി ഭാഗത്തേക്ക് വന്ന ജീപ്പ് കുട്ടികൾ കണ്ടിരുന്നില്ല. അപകടത്തിൽ തെരേസയുടെ ഇടതുകാലിന് ഒടിവുസംഭവിച്ചു.
പരിക്കേറ്റ കുട്ടികളെ ഇടിച്ച വാഹനത്തിൽ നാട്ടുകാരുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ സമയങ്ങളിൽ ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനം ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി പോലീസിന്റെ സേവനം ഇല്ലാത്ത അവസ്ഥയിലാണ് .
ജീപ്പിടിച്ച് വിദ്യാർഥികളായ സഹോദരങ്ങൾക്ക് പരിക്ക്
10:33 PM Oct 31, 2018 | Deepika.com