കണമല: പ്രളയം തകർത്ത എയ്ഞ്ചൽവാലിയുടെ പുനർനിർമാണത്തിന് മുൻഗണന നൽകുമെന്ന് പി.സി. ജോർജ് എംഎൽഎ. എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ജില്ലാതല സമാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടലിൽ നാശം സംഭവിച്ച എയ്ഞ്ചൽവാലി അടിയന്തരമായി പുനർ നിർമിക്കും. ഈ മാസം 15ന് ശേഷം ഇതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. മണ്ണിടിഞ്ഞ് പ്രവർത്തന യോഗ്യമല്ലാതായ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ പ്രവർത്തനക്ഷമത പൂർവ സ്ഥിതിയിലാക്കും. ദുരന്ത സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്കൂളിലെ വിദ്യാർഥികൾക്ക് തടസമില്ലാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കവേ ജീവൻ നഷ്ടപ്പെട്ട വാധ്യാമലയിൽ ജോസഫ് മാത്യു, പ്രളയം റിപ്പോർട്ട് ചെയ്യവെ മരണപ്പെട്ട സജി മെഗാസ്, ബിനീഷ് എന്നിവരെയും പ്രളയത്തിൽ മരിച്ച 23 പേരെയും അനുസ്മരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രളയം പ്രമേയമാക്കി എയ്ഞ്ചൽവാലി സെന്റ് മേരീസ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്ന സ്നേഹ സാഗരം എന്ന ടെലി ഫിലിമിന്റെ സ്വിച്ച് ഓണ്‍ കർമം അദ്ദേഹം നിർവഹിച്ചു. എന്റെ മണിമലയാർ എന്ന ഹ്രസ്വചിത്രത്തിന്റെ ട്രയൽ പ്രദർശനവും ചടങ്ങിൽ നടന്നു. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പിആർഡിയാണ് ചിത്രം തയാറാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി അധ്യക്ഷത വഹിച്ചു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷണകുമാർ, പഞ്ചായത്തംഗങ്ങളായ സൂസമ്മ രാജു, വത്സമ്മ തോമസ്, സോമൻ തെരുവത്ത്, പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൾ റഷീദ്, എഡിസി (ജനറൽ) പി.എസ്. ഷിനോ, പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിനു ജോണ്‍, എന്റെ മണിമലയാർ കൂട്ടായ്മ കണ്‍വീനർ എസ്.വി.സുബിൻ, പഞ്ചായത്ത് സെക്രട്ടറി പി.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് സ്വാഗതവും ബിഡിഒ എൽ. രാജേഷ് നന്ദിയും പറഞ്ഞു.
എയ്ഞ്ചൽവാലിയുടെ പുനർനിമാണത്തിന് മുൻഗണന നൽകുമെന്ന് എംഎൽഎ
10:00 PM Oct 08, 2018 | Deepika.com