ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് അങ്കണത്തിൽ ഏയ്റോബിക് കന്പോസ്റ്റ് യൂണിറ്റ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ അടങ്കലിൽ 9,79,550 രൂപ ചെലവിലാണ് യൂണിറ്റിന്റെ നിർമാണം. അഞ്ചു യൂണിറ്റുകളിലായി 10 ബിന്നുകളാണ് മാലിന്യ സംസ്കരണത്തിനായി വികേന്ദ്രീകരണ സന്പ്രദായത്തിലൂടെ തയാറാക്കിയിരിക്കുന്നത്.
ഉറവിട മാലിന്യ സംസ്കരണ സന്പ്രദായമാണ് ഇതിനായി അവലംബിച്ചിരിക്കുന്നത്. സർക്കാർ അംഗീകൃത സ്ഥാപനമായ പാലക്കാട് ജില്ലയിലെ ഐആർടിസിയാണ് കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് മുഖ്യപങ്ക് വഹിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ മാലിന്യപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ യൂണിറ്റിന് സാധിക്കും. ചടങ്ങിൽ ഹൗസ് സർജൻസ് അസോസിയേഷൻ 1,40,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കായി മന്ത്രിക്ക് കൈമാറി. ചടങ്ങിൽ അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട്. ആർ.വി. രാംലാൽ, അന്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്, ബ്ലോക്ക് ബിഡിഒ വി.ജെ. ജോസഫ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
മെഡിക്കൽ കോളജിൽ ഏയ്റോബിക് ഉദ്ഘാടനം ചെയ്തു
10:28 PM Oct 07, 2018 | Deepika.com