കാഞ്ഞിരപ്പള്ളി:കത്തോലിക്കാ സഭയ്ക്കെതിരായി നടക്കുന്ന മാധ്യമവിചാരണ ചില ആസൂത്രിത അജൻഡകളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി സംഘടിപ്പിച്ച സഭയും മാധ്യമ വിചാരണയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. അനേകം നൂറ്റാണ്ടുകളിലൂടെ ആയിരക്കണക്കിന് രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണില്‍ തഴച്ചുവളര്‍ന്ന കത്തോലിക്കാ സഭയെ ഒരു മാധ്യമ വിചാരണയ്ക്കും തകര്‍ക്കാന്‍ കഴിയില്ല. മാധ്യമവേട്ടയ്ക്കെതിരേ നിതാന്തമായ ജാഗ്രത സമുദായാംഗങ്ങളില്‍ ഉണ്ടാകണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
മാറുന്ന ലോകക്രമത്തില്‍ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാധ്യമങ്ങള്‍ കേവലം വാണിജ്യ താത്പര്യങ്ങളുടെ വക്താക്കളായി മാറുന്നത് ദുഃഖകരമാണെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അഭിപ്രായപ്പെട്ടു. മൂല്യാധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം നഷ്ടപ്പെട്ടു പോയതാണ് സഭയ്ക്കെതിരേ നടക്കുന്ന സംഘടിത ആക്രമണങ്ങളുടെ അടിസ്ഥാന കാരണം. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സഭയ്ക്കെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സഭാവിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. ഡോ. മാത്യു പാലക്കുടി ആമുഖ പ്രഭാഷണവും പ്രഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണവും നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സെലിന് സിജോ മുണ്ടമറ്റം, ഗ്ലോബല്‍ സമിതി അംഗം ജയിംസ് പെരുമാക്കുന്നേല്‍, ബേബിച്ചന് ഏർത്തയിൽ, റെജി കൊച്ചു കരിപ്പാപറമ്പില്‍, പി.കെ. ഏബ്രഹാം പാത്രപാങ്കല്‍, മിനി സണ്ണി മണ്ണംപ്ലാക്കല്‍, പി.സി. ജോസഫ് പാറടി, സിബി നമ്പുടാകം, ജോജോ തെക്കുംചേരിക്കുന്നേല്‍, ടെസി ബിജു പാഴിയാങ്കല്‍ , ഷാജി മങ്ങാട്ട്, ആൻസമ്മ തോമസ്, റെന്നി ചക്കാലയില്‍, ജോസ് മടുക്കക്കുഴി, ജോർജ് കൊച്ചുപുരയ്ക്കല്‍, ചാക്കോച്ചന് വെട്ടിക്കാട്ടില്‍, സുബിച്ചന് മഞ്ഞാക്കല്‍, ജിൻസ് പള്ളിക്കമ്യാലില്‍, ആൻസി സാജന് പുന്നമറ്റത്തില്‍, ജയാ ജേക്കബ്, ജോളി ഡോമിനിക്, ജിമ്മിച്ചൻ മണ്ഡപത്തില്‍, ജിജി പുത്തേട്ട്, ഡെയ്സി ജോര്‍ജ്കുട്ടി, ക്രിസ്റ്റി ബോബി, ഷാജി വടക്കേടം എന്നിവര്‍ പ്രസംഗിച്ചു.
സഭയ്ക്കെതിരായ മാധ്യമ വിചാരണ ആസൂത്രിതം: മാര്‍ ജോസ് പുളിക്കല്‍
10:19 PM Oct 07, 2018 | Deepika.com